മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് 2036 വരെ ഭരിക്കാന്‍ അനുമതി നല്കുന്ന ഭരണഘടനാ ഭേദഗതിക്ക് രാജ്യത്ത് നടന്ന വോട്ടെടുപ്പില്‍ അംഗീകാരം. രണ്ട് പതിറ്റാണ്ടായി റഷ്യയില്‍ ഭരണംനടത്തുന്ന പുടിന് ഒന്നര പതിറ്റാണ്ട് കൂടി തുടര്‍ഭരണം നടത്താന്‍ ഇതോടെ അവസരം കൈവരും. വന്‍ ഭൂരിപക്ഷത്തോടെയാണ് പുടിന്റെ ഭരണം തുടരാനുള്ള ഭേദഗതിക്ക് രാജ്യം അംഗീകാരം നല്‍കിയതെന്ന് റഷ്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
വോട്ടെണ്ണല്‍ പൂര്‍ത്തിയാവുന്നതിന് മുമ്പുതന്നെ ആവശ്യമായ ഭൂരിപക്ഷം പുടിന് ഉറപ്പിച്ചു. ഏഴ് ദിവസങ്ങളിലായാണ് ഭരണഘടനാ ഭേദഗതിക്കുള്ള വോട്ടെടുപ്പു നടന്നത്. 60 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ അതില്‍ 76.9 ശതമാനം ജനങ്ങളും പുടിനെ പിന്തുണച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ കെജിബിയിലെ ഉദ്യോഗസ്ഥനായിരുന്നു പുടിന്. പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് വന്നു. പ്രസിഡന്റായും പ്രധാനമന്ത്രിയായും രണ്ട് പതിറ്റാണ്ടായി പുടിന് റഷ്യയുടെ ഭരണനേതൃത്വത്തിലുണ്ട്. ജനാധിപത്യത്തിലൂടെ ഏകാധിപത്യം ഉറപ്പിക്കുന്ന ലോകത്തെ നേതാവായാണ് പുടിനെ വിലയിരുത്തുന്നത്. പുതിയ ഭരണഘടനാ ഭേദഗതിയോടെ 16 വര്‍ഷംകൂടി പുടിന് അധികാരത്തില്‍ തുടരാന്‍ കഴിയും.

