സ്കൂൾ – കോളേജ് വിനോദയാത്രകൾ ഇനിമുതൽ മോട്ടോർ വാഹന വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റോട് കൂടി വേണമെന്ന് ഉത്തരവിറക്കി

തിരുവനന്തപുരം: സ്കൂൾ കോളേജ് വിനോദയാത്രകൾ ഇനി മുതൽ മോട്ടോർ വാഹന വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റോട് കൂടി വേണമെന്ന് നിർദ്ദേശം. ഇതിനായി യാത്രയ്ക്ക് ഏഴ് ദിവസം മുൻപ് സ്കൂൾ അധികൃതർ വിവരങ്ങൾ ഉദ്യോഗസ്ഥരെ അറിയിക്കുകയും വാഹനം പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യണം. പരിശോധനയ്ക്ക് ശേഷം നൽകേണ്ട സർട്ടിഫിക്കറ്റ് മാതൃക ഉൾപ്പെടെ തയ്യാറാക്കി മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കി. എറണാകുളം മുളന്തുരുത്തിയിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് ആയിരുന്നു വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ടതും ഒമ്പത് ജീവനുകൾ പൊലിഞ്ഞതും. വിനോദയാത്രകൾ പലതും സുരക്ഷയും നിയമവും ഉറപ്പാക്കുന്നില്ല എന്ന് ആക്ഷേപം ശക്തമാണ്. സ്കൂൾ കോളേജുകൾ വിനോദയാത്ര കാലത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിനോദയാത്രയ്ക്ക് പോകാൻ എന്തെല്ലാം ചെയ്യണം എന്നതിൽ വ്യക്തത വരുത്തി മോട്ടോർ വാഹന വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഉത്തരവ് പ്രകാരം യാത്ര പുറപ്പെടുന്നതിന് ഏഴുദിവസം മുൻപ് യാത്രയുടെയും വാഹനത്തിന്റെയും വിവരങ്ങൾ വിദ്യാഭ്യാസ സ്ഥാപനം മോട്ടോർ വാഹന വകുപ്പിനെ അറിയിക്കണം. ഏതെങ്കിലും ആർടിഒ അല്ലെങ്കിൽ ജോയിൻറ് ആർടിഒ ഓഫീസിലാണ് അറിയിക്കേണ്ടത്. അതിനുശേഷം ഡ്രൈവർ വാഹനം പരിശോധനയ്ക്ക് ഹാജരാക്കണം. സംസ്ഥാനത്തെ ഏത് ആർടിഒ അല്ലെങ്കിൽ ജോയിൻറ് ആർടിഒ ഓഫീസിൽ വേണമെങ്കിലും പരിശോധനയ്ക്ക് ഹാജരാക്കാം. വാഹനത്തിന്റെ നിറം, അനധികൃത രൂപമാറ്റം, രേഖകൾ, ഡ്രൈവറുടെ പശ്ചാത്തലമെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. യാത്രക്ക് യോഗ്യമാണെങ്കിൽ അവിടെ നിന്നു തന്നെ സർട്ടിഫിക്കറ്റ് നൽകും . ഈ സർട്ടിഫിക്കറ്റ് യാത്രയിൽ ഡ്രൈവർ കൈവശം വയ്ക്കണം. യാത്രയ്ക്കിടയിൽ എവിടെ പരിശോധനയുണ്ടായാലും ഈ റിപ്പോർട്ട് കാണിച്ച് യാത്ര തുടരാൻ ആകും. വിനോദയാത്രകൾ സംബന്ധിച്ച് നേരത്തെ ഇറക്കിയ നിർദ്ദേശങ്ങൾ പലതും അപ്രായോഗികമാണ് എന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ വ്യക്തത വരുത്തിയതെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →