വാഷിങ്ടണ്‍: വ്യോമാഭ്യാസത്തിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു ടെക്‌സാസിലെ ഡാലസ് എക്‌സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ തകര്‍ന്നുവീണു. വിമാനങ്ങളിലുണ്ടായിരുന്ന ആറുപേരും മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. വലിയ ബോംബര്‍ വിമാനമായ ബി- 17, ബെല്‍ പി.- 63 കിങ് കോബ്ര എന്നിവയാണ് കൂട്ടിയിടിച്ചുവീണ് അഗ്നിഗോളമായത്. എയര്‍ഷോ കാണാനെത്തിയവര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ ദുരന്തത്തിന്റെ നേര്‍ക്കാഴ്ച കാണാം. അത്ര ഉയരത്തിലല്ലാതെ പറക്കുന്ന ബി- 17 വിമാനത്തെയാണ് ഇതില്‍ കാണുന്നത്. ഇടത്തുനിന്ന് ഈ വിമാനത്തിന്റെ നേര്‍ക്ക് പറന്നുവന്ന ചെറുവിമാനമായ കിങ് കോബ്ര ബി-17 ന്റെ മുകളിലേക്ക് ഇടിച്ചുകയറി. ഇതോടെ ഇരുവിമാനങ്ങളും ഛിന്നഭിന്നമായി താഴേയ്ക്കു പതിച്ചു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇവ നിലത്ത് അഗ്നിഗോളമാകുന്നതും ദൃശ്യങ്ങളില്‍ കാണാം.
വിങ്‌സ് ഓവര്‍ ഡാലസ് എന്നു പേരിട്ട എയര്‍ഷോയ്ക്കിടെയാണ് വിമാനങ്ങള്‍ ചിറകറ്റത്. അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് ഇനിയും ചില വിവരങ്ങള്‍ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഡാലസ് മേയര്‍ അറിയിച്ചു.
നാല് എന്‍ജിനുകളുള്ള വിമാനമാണ് ബി- 17 ബോംബര്‍. രണ്ടാം ലോകയുദ്ധത്തില്‍ ജര്‍മനിക്കെതിരേ വ്യോമയുദ്ധം ജയിക്കാനായതില്‍ നിര്‍ണായക പങ്ക് വഹിച്ചു. അതേ യുദ്ധവേളയില്‍ ബെല്‍ കമ്പനി വികസിപ്പിച്ചെടുത്ത പോര്‍വിമാനമാണ് പി-63 കിങ് കോബ്ര. പക്ഷേ, രണ്ടാം ലോകയുദ്ധത്തില്‍ സോവിയറ്റ്് യൂണിയന്‍ മാത്രമാണ് ഈ വിമാനം ഉപയോഗിച്ചത്. 2019 ഒക്‌ടോബര്‍ രണ്ടിനാണ് ഇതിനു മുമ്പൊരു ബി-17 വിമാനം തകര്‍ന്നത്. വിന്‍ഡ്‌സര്‍ ലോക്ക്‌സ് വിമാനത്താവളത്തിലുണ്ടായ അന്നത്തെ അപകടത്തില്‍ മരിച്ചത് ഏഴുപേര്‍.

