ക്ഷീരകര്‍ഷകര്‍ക്കു പ്രഹരമായി കാലിത്തീറ്റ വിലക്കയറ്റം

കല്‍പ്പറ്റ: കേരള ഫീഡ്‌സും മില്‍മയും കാലിത്തീറ്റ വില വര്‍ധിപ്പിച്ചതു ക്ഷീരകര്‍ഷകര്‍ക്കു പ്രഹരമായി. പാല്‍വില കൂട്ടാതെ കാലിത്തീറ്റ വില വര്‍ധിപ്പിച്ചതില്‍ ക്ഷീരകര്‍ഷകരില്‍ അമര്‍ഷം ശക്തമാണ്. ഏറ്റവും ഒടുവില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് കേരള ഫീഡ്‌സും മില്‍മയും കാലിത്തീറ്റ വില ഉയര്‍ത്തിയത്. മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ ചാക്കിനു (50 കിലോഗ്രാം) 180 രൂപയും റിച്ചിന് 160 രൂപയും കൂട്ടി. കന്നുകുട്ടികള്‍ക്കുള്ള കാലിത്തീറ്റ വില ചാക്കിനു 375 രൂപ വര്‍ധിപ്പിച്ചു. കേരള ഫീഡ്‌സ് കാലിത്തീറ്റ വില ചാക്കിനു 150 രൂപയാണു കൂട്ടിയത്. മില്‍മ ഏറ്റവും ഒടുവില്‍ പാല്‍ വില വര്‍ധിപ്പിച്ചത് 2019ലാണ്. ഇതിനു നാലുതവണ കാലിത്തീറ്റ വിലയില്‍ വര്‍ധന ഉണ്ടായി.

പാല്‍ വില കൂട്ടാതെ കാലിത്തീറ്റ വില ഉയര്‍ത്തിയതു കര്‍ഷകദ്രോഹനടപടിയാണെന്നു മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മത്തായി പുള്ളോര്‍കുടി, സെക്രട്ടറി വി.ആര്‍. വിമല്‍മിത്ര, സംസ്ഥാന കമ്മിറ്റിയംഗം പി.എസ്. അഭിലാഷ്, പനമരം യൂണിറ്റ് പ്രസിഡന്റ് ബിനു ജോര്‍ജ് എന്നിവര്‍ പറഞ്ഞു. വരവും ചെലവും പൊരുത്തപ്പെടാതെ ക്ഷീരകര്‍ഷകര്‍ ദുരിതം അനുഭവിക്കുകയാണ്. പാല്‍ ലിറ്ററിനു ശരാശരി 45 രൂപയാണ് ഉത്പാദനച്ചെലവ്. എന്നാല്‍ ക്ഷീരസംഘങ്ങളില്‍നിന്നു കര്‍ഷകനു ലഭിക്കുന്നതു ലിറ്ററിനു പരമാവധി 38 രൂപയാണ്. കര്‍ഷകര്‍ കനത്ത നഷ്ടം സഹിക്കുന്നതിനിടെയാണ് ഇരുട്ടടിപോലെ കാലിത്തീറ്റ വില വര്‍ധിച്ചത്.
രാവിലെയും ഉച്ചകഴിഞ്ഞുമായി 20 ലിറ്റര്‍ കറവയുള്ള പശുവിന്റെ പാല്‍ സംഘത്തില്‍ അളന്നാല്‍ ഏകദേശം 700 രൂപയാണ് ലഭിക്കുക. ഇതില്‍ 400 രൂപയോളം പശുവിന്റെ ഭക്ഷണത്തിനു മാത്രം വേണം. ബാക്കിയാണ് കര്‍ഷകന് അധ്വാനക്കൂലിയായി കിട്ടുന്നത്. പശുവിന് അസുഖം വന്നാല്‍ ചികിത്സയ്ക്കു പണം വേറെ കണ്ടെത്തണം. ഈ സാഹചര്യം അധികാര സ്ഥാനങ്ങളിലുള്ളവര്‍ മനസിലാക്കാത്തതു ദൗര്‍ഭാഗ്യകരമാണെന്നു ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ക്ഷീരകര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച സഹായ പദ്ധതികള്‍ സര്‍ക്കാര്‍ വേണ്ടവിധം നടപ്പാക്കുന്നില്ല. പാല്‍ ലിറ്ററിനു നാലു രൂപ ജൂണ്‍ മുതല്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ നിയമസഭാസമ്മേളനത്തിലാണ് ഉണ്ടായത്. ജൂണില്‍ ഇന്‍സെന്റീവ് കര്‍ഷകര്‍ക്കു ലഭിച്ചില്ല. ജൂലൈയില്‍ തുക കര്‍ഷകരുടെ അക്കൗണ്ടിലെത്തി. എന്നാല്‍ പിന്നീടുള്ള മാസങ്ങളില്‍ ഇന്‍സെന്റീവ് വിതരണം മുടങ്ങി. ഇതേക്കുറിച്ചു ചോദിക്കുമ്പോള്‍ വൈകാതെ പണം അക്കൗണ്ടുകളിലെത്തുമെന്ന ഒഴുക്കന്‍ മറുപടിയാണ് ഉത്തരവാദപ്പെട്ടവരില്‍ നിന്നും ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
കര്‍ഷകരോട് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ കാലിത്തീറ്റ വില വര്‍ധന പിന്‍വലിക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഉത്പാദനച്ചെലവിനു അനുസൃതമായി പാല്‍വില ലിറ്ററിനു 10 രൂപയെങ്കിലും വര്‍ധിപ്പിക്കുന്നതും ഇതര സംസ്ഥാനങ്ങളില്‍നിന്നു എത്തുന്ന പാലിനു സെസ് ഏര്‍പ്പെടുത്തുന്നതും തദ്ദേശ സ്ഥാപനങ്ങള്‍ മുഖേനയുള്ള സബ്‌സിഡികള്‍ പുനഃസ്ഥാപിക്കുന്നതും ക്ഷീരമേഖലയുടെ നിലനില്‍പ്പിനു ഒരളവോളം ഉതകുമെന്നു അവര്‍ അഭിപ്രായപ്പെട്ടു. മാനന്തവാടി മുനിസിപ്പാലിറ്റിയെ മാതൃകയാക്കി ക്ഷീരവൃത്തി അയ്യങ്കാളി തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ മറ്റു നഗരസഭകള്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →