ബ്രസല്‍സ്: ബെല്‍ജിയന്‍ ഫുട്ബോളിലെ സുവര്‍ണ തലമുറയ്ക്ക് ഇത് അവസാന ലോകകപ്പ്. ടീമിനെ പകുതിയിലേറെ താരങ്ങള്‍ മുപ്പത് വയസിനു മുകളിലാണ്.കെവിന്‍ ഡി ബ്രൂയിന്‍, ഈഡന്‍ ഹസാഡ്, തിബൗത് കോര്‍ട്ടോസിസ്, ടോബി ആല്‍ഡര്‍വീല്‍ഡ്, ജാന്‍ വെര്‍ടോഗന്‍, അലക്സ് വിറ്റ്സല്‍, ഡ്രൈസ് മെര്‍ട്ടന്‍സ് എന്നിവര്‍ 2026 ലോകകപ്പ് ആകുമ്പോഴേക്കും കരിയറിലെ മികച്ച സമയം കഴിഞ്ഞിരിക്കും. ഖത്തര്‍ ലോകകപ്പ് തങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നു നായകന്‍ ഈഡന്‍ ഹസാഡ് പറഞ്ഞു. 2015 മുതല്‍ ബെല്‍ജിയത്തെ നയിക്കുന്നതു ഹസാഡാണ്.
ഏകദേശം പത്ത് വര്‍ഷം തങ്ങള്‍ ഒരുമിച്ചു കളിച്ചു, പക്ഷേ പ്രധാന കിരീടങ്ങള്‍ ഒന്നും നേടിയിട്ടില്ല. സുവര്‍ണ തലമുറ എന്ന പേര് ശരിയാകാന്‍ ലോകകപ്പില്‍ കുറഞ്ഞ ഒന്നും മതിയാകില്ല- ഹസാഡ് തുടര്‍ന്നു. എഫ് ഗ്രൂപ്പില്‍ കാനഡ, മൊറോക്കോ, ക്രൊയേഷ്യ എന്നിവര്‍ക്കൊപ്പമാണു ബെല്‍ജിയം മത്സരിക്കുന്നത്. 31 വയസുകാരനായ ഹസാഡ് ഖത്തറിലേക്കു കുടുംബത്തെയും കൊണ്ടു വന്നിട്ടുണ്ട്. തന്റെ ടീം ഗ്രൂപ്പ് ഘട്ടം അനായാസം കടക്കുമെന്നാണു കെവിന്‍ ഡി ബ്രൂയിന്റെ നിലപാട്.റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ ശിഷ്യന്‍മാര്‍ ആക്രമണ ശൈലിയുടെ ആശാന്‍മാരാണ്. 2012 ല്‍ ഹോളണ്ടിനെ 4-2 നു തോല്‍പ്പിച്ചാണു ബെല്‍ജിയം രാജ്യാന്തര ശ്രദ്ധ നേടുന്നത്. 2014 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയോടു തോറ്റു പുറത്തായി. നാലു വര്‍ഷങ്ങള്‍ക്കു ശേഷം സെമി ഫൈനലില്‍ ഫ്രാന്‍സിനോടു തോറ്റു.2016 ലെയും 2020 ലെയും യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ തോറ്റു. ഏറെനാള്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനത്തിരുന്നെങ്കിലും പ്രധാന കിരീടങ്ങളൊന്നും നേടാന്‍ അഎഫ വര്‍ക്കായില്ല. ടീം മുന്‍ കോച്ച് ജോര്‍ജ് ലീകന്‍സ് ചൂണ്ടിക്കാണിക്കുന്ന പ്രധാന വിമര്‍ശനവും അതാണ്. ഒരു കിരീടം പോലുമില്ലാതെ ലോക ഒന്നാം നമ്പര്‍ സ്ഥാനത്തിരുന്നതു കേമത്തമായി കാണാനാകില്ലെന്നാണു ലീകന്‍സ് തുറന്നടിച്ചത്. ലോയിസ് ഒപെന്‍ഡ (22), ചാള്‍സ് ഡി കെറ്റാലാറി (21), അമൗദു ഒനാന (21) തുടങ്ങിയ താരങ്ങള്‍ പ്രതീക്ഷ നല്‍കുന്നവരാണെന്നു ലീകന്‍സ് പറഞ്ഞു.കിരീടമില്ലെന്ന ന്യൂനത ഖത്തറില്‍ തീര്‍ക്കാനാണു തങ്ങളുടെ ശ്രമമെന്നു റോബര്‍ട്ട് മാര്‍ട്ടിനസ് പറഞ്ഞു. തുടര്‍ച്ചയായി ആറാം വര്‍ഷമാണ് അദ്ദേഹം ബെല്‍ജിയം കോച്ചായി തുടരുന്നത്. ഗ്രൂപ്പില്‍ ക്രൊയേഷ്യ മാത്രമാണു തങ്ങള്‍ക്കു ഭീഷണിയെന്നും മാര്‍ട്ടിനസ് പറഞ്ഞു.