പരപ്പനങ്ങാടി: കഞ്ചാവാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഉണങ്ങിയ പുല്ല് നല്കി പണം തട്ടിയ ആളെ പിന്തുടര്ന്ന് അയാള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ കവര്‍ച്ച നടത്തിയ അഞ്ചംഗസംഘത്തെ പരപ്പനങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും താനൂര്‍ ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ചേര്‍ന്നു പിടികൂടി.
എ.ആര്. നഗര്‍ സ്വദേശികളായ നെടുങ്ങാട്ട് വിനോദ് കുമാര്‍ (38), വാല്‍പറമ്പില്‍ സന്തോഷ് (46), മണ്ണില്‍തൊടി ഗോപിനാഥന് (38), കോഴിക്കോട് കൊളത്തറയിലെ വരിക്കോളി മജീദ് (35), കോഴിക്കോട് കുതിരവട്ടം പറമ്പത്തൊടി ദിനേശന് (47) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചിറമംഗലം ജങ്ഷനില്‍നിന്ന് ഖാലിദ് എന്നയാളുടെ ഓട്ടോറിക്ഷ ചിറമംഗലത്തുള്ള റഷീദ് എന്നയാള്‍ ഓട്ടം വിളിച്ച് തലപ്പാറയില്‍ വന്നത്. അവിടെ വച്ച് മുന്‍പ് കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള വിനോദ് കുമാറിനും സുഹൃത്തുക്കളായ കോഴിക്കോട് സ്വദേശികളായ ദിനേശന്, മജീദ് എന്നിവര്‍ക്കുമാണ് റഷീദ് കഞ്ചാവെന്ന വ്യാജേന ഉണക്കപ്പുല്ല് പാക്കറ്റിലാക്കി നല്‍കിയത്. ഇതിന് 20000 രൂപ കൈപ്പറ്റുകയും ചെയ്തു. തുടര്‍ന്ന് ഓട്ടോയില്‍ കയറിപ്പോയ റഷീദിന്റെ വെപ്രാളംകണ്ട് സംശയം തോന്നിയ വിനോദ്കുമാര്‍ കവര്‍ പരിശോധിച്ചപ്പോള്‍ കഞ്ചാവിനു പകരം ഉണങ്ങിയ പുല്ലാണെന്നു മനസിലാക്കി.
തുടര്‍ന്ന് ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന വിനോദ് കുമാറും സംഘവും ഓട്ടോ തടഞ്ഞെങ്കിലും റഷീദ് ഓട്ടോയില്‍നിന്നു ചാടി രക്ഷപ്പെട്ടു. ഇതോടെ റഷീദ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവറെ ഭീഷണിപ്പെടുത്തി അയാളുടെ ഓട്ടോ മറ്റൊരു സ്ഥലത്തുകൊണ്ടുപോയി ഒളിപ്പിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ പരാതിയുമായി പരപ്പനങ്ങാടി പോലീസിനെ സമീപിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അഞ്ചുപേരെയും പിടികൂടുകയുമായിരുന്നു.

