വിഭ്യാഭ്യാസത്തിന് മുടക്കുന്ന ഓരോ രൂപയും നവകേരള നിർമാണത്തിനുള്ള മൂലധനം : മന്ത്രി കെ. രാജൻ ഇടപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ വിദ്യാഭ്യാസ മേഖലയിൽ ചെലവഴിക്കുന്ന ഓരോ രൂപയും നവകേരള നിർമാണത്തിനുള്ള മൂലധനമായാണ് സർക്കാർ കാണുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ഇടപ്പള്ളി നോർത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ  നിർമ്മിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ സ്കൂളുകളും ക്ലാസ്സ്മുറികളും ലാബുകളും ഉന്നത നിലവാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കേരളം ദൈവത്തിന്റെ സ്വന്തം നാടായത് പ്രകൃതി ഭംഗി കൊണ്ട് മാത്രമല്ലെന്നും പൈശാചികമായ ആചാരങ്ങളെ ഇല്ലതാകുന്നതിനായി സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ നടത്തിയ ഇടപെടലുകൾ വഴിയാണെന്നും മന്ത്രി പറഞ്ഞു. പൊതു വഴികളും കുളങ്ങളും ആകാശങ്ങളും നിഷേധിക്കപ്പെട്ടിരുന്ന ജാതി മത ചിന്തകൾ ഉഴുതു മറിച്ച കേരളത്തിൽ അക്ഷരം പഠിക്കാനുള്ള ആഗ്രഹത്തിൽ നിന്നാണ് മാറ്റങ്ങൾ ഉണ്ടായി തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.  കേരളമെങ്ങനെ ദൈവത്തിന്റെ സ്വന്തം നാടായി എന്നത് ക്ലാസ്മുറികൾക്ക് പുറത്തു നിന്നുള്ള അറിവുകളിൽ കൂടി ആർജിക്കണമെന്നും മന്ത്രി പറഞ്ഞു.

പരീക്ഷകളിൽ മാത്രമല്ല ജീവിതത്തിൽ എ പ്ലസ് നേടുന്നവരായി ഓരോ വിദ്യാർത്ഥിയും മാറണം. സിലബസിന് പുറത്തു പ്രകൃതിയുടെ പാഠങ്ങൾ ഓരോ വിദ്യാർത്ഥിയും പഠിക്കേണ്ടതുണ്ട്. അതിൽ സാഹിത്യവും ശാസ്ത്രവും ജീവിതവും ജീവിതനന്മയും പ്രണയവും എല്ലാമുണ്ട്. വിവര സാങ്കേതിക വിദ്യയിൽ വിശ്വസിച്ചു പോകുമ്പോളും പ്രകൃതിയുടെ പാഠങ്ങൾ ഉൾക്കൊള്ളണം. യുക്തി ചിന്തയും ശാസ്ത്ര ബോധവുമാകണം ഓരോ മനുഷ്യനെയും മുന്നോട്ട് നയിക്കേണ്ടത്. അന്ധവിശ്വാസങ്ങളുടെ അന്ധകാര കാലത്തേക്കുള്ള മടങ്ങിപ്പോക്കിനെ തടസപ്പെടുത്താൻ ശരിയായ വിദ്യാഭ്യാസത്തിനെ സാധിക്കു. മലയാളിയുടെ സംരക്ഷണത്തിന് വിദ്യാഭ്യാസമാണ് പോംവഴി എന്ന ഗുരു വചനം ഓർത്തുവയ്ക്കണം. മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്ന സാഹചര്യമാണ് വേണ്ടത്. വികസനം മുൻഗണന ക്രമത്തിൽ അർഹരിലേക്ക് എത്തണമെന്നും മന്ത്രി പറഞ്ഞു. 

കൊച്ചി കോർപറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളെയും ചടങ്ങിൽ ആദരിച്ചു. 

കൊച്ചി കോർപറേഷന്റെ ജനകീയാസൂത്രണ ഫണ്ടിൽ നിന്നും ഒരു കോടി രൂപ മുടക്കിയാണ് ഇടപ്പള്ളി നോർത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ലാബ് നിർമ്മിച്ചത്. കെമിസ്ട്രി, ഫിസിക്സ്‌, ജോഗ്രഫി ലാബുകളാണ് നിർമ്മിച്ചിരിക്കുന്നത്.

 കൊച്ചി കോർപറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ, ഡെപ്യൂട്ടി മേയർ കെ. എ അൻസിയ എന്നിവർ മുഖ്യതിഥികളായി. കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ വി. എ ശ്രീജിത്ത്‌, പി. ആർ റെനീഷ്, ഷീബ ലാൽ, ടി. കെ അഷ്‌റഫ്‌,  കൗൺസിലർമാരായ ആന്റണി കുരീത്തറ, അംബിക സുദർശനൻ,  ഇടപ്പള്ളി നോർത്ത് വി.എച്ച്.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽ എ. ആർ റോഷ്‌നി, ഇടപ്പള്ളി നോർത്ത് ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ പി. എൽ. ലാലി, ഹെഡ്മിസ്ട്രസ് കെ.ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →