തൂക്കുപാലം അപകടത്തിൽ മരണസംഖ്യ 91 ആയി: മരിച്ചവരിൽ ഏറെയും കുട്ടികളും സ്ത്രീകളും

ഗുജറാത്ത് : ഗുജറാത്തിൽ മോർബി തൂക്കുപാലം തകർന്ന് മരണം 91 ആയി. ഒട്ടേറെ പേർക്ക് പരുക്കേറ്റു. നൂറ്റി അൻപതിലധികം പേർ നദിയിൽ വീണു. മരിച്ചവരിൽ കൂടുതലും കുട്ടികളും സ്ത്രീകളും. 2 എൻഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 2022 ഒക്ടോബർ 30 വൈകീട്ട് 6.30 ന് ആണ് പാലം തകർന്ന് വീണത്. 5 ദിവസം മുമ്പാണ് ഒറെവാ എന്ന കമ്പനി അറ്റകുറ്റപണി നടത്തി പാലം സഞ്ചാരികൾക്കായി തുറന്നത്.

നേരിട്ടെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുമെന്നും അപകടം സംബന്ധിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗസംഘം രൂപീകരിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ , രാഹുൽ ഗാന്ധി തുടങ്ങിയവർ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി.

അപകടം നടക്കുമ്പോൾ പാലത്തിലും സമീപത്തുമായി നാനൂറോളം പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഒട്ടേറെപ്പേർ ഇപ്പോഴും നദിയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന ആശങ്ക. അഞ്ച് ദിവസം മുൻപ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ചരിത്രപ്രാധാന്യമുള്ള പാലമാണ് തകർന്നത്. അറ്റകുറ്റപ്പണിക്കു ശേഷം പാലം ഗുജറാത്തുകാർ പുതുവർഷമായി കണക്കാക്കുന്ന ഒക്ടോബർ 26നാണ് പൊതുജനത്തിനായി തുറന്നുകൊടുത്തത്.

അപകടത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദാംശങ്ങൾ അന്വേഷിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ ഫോണിൽ ബന്ധപ്പെട്ടു. അടിയന്തരമായി രക്ഷാപ്രവർത്തനം നടത്താൻ അദ്ദേഹം നിർദ്ദേശം നൽകി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപ വീതവും നൽകും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ട്വിറ്ററിലൂടെ ധനസഹായം പ്രഖ്യാപിച്ചത്. ഞായറാഴ്ചത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയ മുഖ്യമന്ത്രി മോർബിയിലെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →