തിരുവനന്തപുരം: ബലാല്‍സംഗക്കേസില്‍ അന്വേഷണം നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്കെതിരേ വധശ്രമക്കുറ്റവും ചുമത്തി പോലീസ്. കോവളം ആത്മഹത്യാ മുനമ്പില്‍ നിന്ന് തള്ളിയിടാന്‍ ശ്രമിച്ചെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പ് ചുമത്തിയത്. പഴുതുകളടച്ച് പോലീസ് തെളിവുശേഖരണം തുടങ്ങിയതോടെ എം.എല്‍.എയ്ക്കു കുരുക്കു മുറുകി.
പരാതിക്കാരിയുടെ പേട്ടയിലെ വീട്ടില്‍നിന്ന് എല്‍ദോസിന്റെ ടി ഷര്‍ട്ട് ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ പോലീസ് കണ്ടെടുത്തു. കഴിഞ്ഞ മാസം 15ന് വീട്ടില്‍ വന്നപ്പോള്‍ ഉപേക്ഷിച്ചിട്ടു പോയതാണ് ഇവയെന്നാണ് യുവതിയുടെ മൊഴി. ഓഗസ്റ്റ് 5, 6, സെപ്റ്റംബര്‍ 14 തിയതികളില്‍ കോവളം ഗസ്റ്റ് ഹൗസില്‍ താമസിച്ചതിന്റെ തെളിവുകളും പോലീസ് ശേഖരിച്ചു. ഗസ്റ്റ് ഹൗസിലെ സി.സി.ടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനും പോലീസ് ശ്രമം തുടങ്ങി. ഒളിവിലുള്ള എം.എല്‍.എയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
മജിസ്ട്രേറ്റിന് നല്കിയ രഹസ്യമൊഴിയിലും ജില്ലാ ക്രൈംബ്രാഞ്ചിന് നല്കിയ വിശദമൊഴിയിലുമാണ് യുവതി കോവളം ആത്മഹത്യാ മുനമ്പില്‍നിന്ന് തള്ളിയിടാന്‍ ശ്രമിച്ചെന്ന് ആരോപിച്ചിരുന്നത്. ആദ്യം പോലീസിന് നല്കിയ പരാതികളില്‍ ഇത്തരം ആരോപണമുണ്ടായിരുന്നില്ല.പരാതിക്കാരിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്ന കുറ്റത്തിന് ഐ.പി.സി. 354 ബിയും പുതിയതായി ചുമത്തിയിട്ടുണ്ട്

