തിരുവനന്തപുരം: യു.ജി.സി ചട്ടപ്രകാരം അഞ്ചേക്കർ ഭൂമിയില്ലാത്ത കാസർകോട്ടെ പടന്ന ടി.കെ.സി ട്രസ്റ്റിന് സ്വാശ്രയ കോളേജ് അനുവദിച്ചത് അടിയന്തര സാഹചര്യത്തിൽ തനിക്കുള്ള സവിശേഷ അധികാരം പ്രയോഗിച്ചാണെന്ന് കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ ഗവർണർക്ക് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് തള്ളിയ ഗവർണർ, സിൻഡിക്കേറ്റിന്റെ അധികാരം കൈയാളാൻ എന്ത് അടിയന്തര സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് രേഖാമൂലം വിശദീകരിക്കാൻ നിർദ്ദേശിച്ചു. ഇതോടെ,ഗവർണർ- കണ്ണൂർ വി.സി പോര് പുതിയ തലത്തിലെത്തി.
വൈസ്ചാൻസലർ അധികാര ദുർവിനിയോഗം നടത്തിയെന്ന് കണ്ടെത്തി, കോളേജ് അനുവദിച്ച ഉത്തരവും അതിന് സർക്കാർ നൽകിയ അനുമതിതും ഹൈക്കോടതി റദ്ദാക്കിയിരുന്നു. അഞ്ചേക്കർ ഭൂമി വേണ്ടിടത്ത് നെൽവയലടക്കം മൂന്നര ഏക്കറേ ട്രസ്റ്റിനുണ്ടായിരുന്നുള്ളൂ. ഇക്കാര്യം ട്രസ്റ്റ് അറിയിച്ചിട്ടും, സിൻഡിക്കേറ്റിനെ അറിയിക്കാതെ വി.സി സ്വന്തം നിലയിൽ പരിശോധന നടത്തി കോളേജ് അനുവദിക്കുകയുമായിരുന്നു.ഇതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകിയിട്ടുണ്ടെന്നാണ് ഗവർണറെ വി.സി അറിയിച്ചത്. ഗവർണർ അറിയാതെ, ഇല്ലാത്ത അധികാരമുപയോഗിച്ച് അയോഗ്യരെ ഉൾപ്പെടുത്തി ബോർഡ് ഓഫ് സ്റ്റഡീസുകൾ പുന:സംഘടിപ്പിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. ബോർഡുകളിലേക്ക് വി.സി നൽകിയ പട്ടിക ഗവർണർ തിരിച്ചയച്ചിട്ടുമുണ്ട്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയ്ക്ക് വഴിവിട്ട നിയമനം നൽകിയത് ഗവർണർ സ്റ്റേ ചെയ്യുകയും ,ഹൈക്കോടതി അത് ശരിവയ്ക്കുകയും ചെയ്തിരുന്നു. നിയമനക്കേസിൽ ഹൈക്കോടതിയുടെ അന്തിമ വിധി കാത്തിരിക്കുകയാണ് ഗവർണർ.

