തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടകരമലയില് തോട്ടത്തില്‍ വീട്ടില്‍ ജോര്‍ജിന്റെ ഭാര്യ അജിത(47)യെ ആണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സാരി ഉപയോഗിച്ച് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്ന മൃതദേഹം അര്ധനഗ്നമായിരുന്നുവെന്ന് പൊലീസ് പറയുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് വീട്ടമ്മയുടെ ബന്ധുക്കള്‍ രംഗത്തെത്തി.
27 വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഭര്‍ത്താവുമായി പിണങ്ങിയ അജിത ഒമ്പതുമാസമായി സഹോദരനൊപ്പമാണ് കഴിഞ്ഞുവന്നത്. രണ്ടുമാസംമുമ്പ് പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത് വീണ്ടും ജോര്‍ജിനൊപ്പം താമസമാക്കി. എന്നാല്‍, ഇരുവരും വീണ്ടും വഴക്കുണ്ടായെന്ന് ബന്ധുക്കള്‍ പറഞ്ഞു. അജിതയുടെ മരണത്തിന്റെ തലേന്നും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തലേന്നുരാത്രി ബഹളംകേട്ടതായി സമീപവാസികള്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മാരായമുട്ടം സിഐ അനില്‍കുമാര്‍ പറഞ്ഞു.

