കോട്ടയം: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിൽപ്പെട്ട യുവതിയടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. . കായംകുളം കൃഷ്ണപുരം സ്വദേശികളായ അൻവർ ഷാ (23), സരിത(22) എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം ജില്ലയിലെ വൈക്കം, വെച്ചൂർ മേഖലകളിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളിലാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് ഇത്തരം സംഘങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയാണ് പൊലീസ് സംഘം.
2022 സെപ്തംബർ മാസം ഇരുപത്തിനാലിനാണ് വെച്ചൂരിലെ മൂന്ന് ക്ഷേത്രങ്ങളിലെയും പളളിയുടെ കപ്പേളയിലെയും കാണിക്ക വഞ്ചികൾ പൊളിച്ച് പണം മോഷ്ടിച്ചത്. മോഷ്ടാക്കൾ എത്തിയ ബൈക്കിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അൻവർ ഷായും സരിതയും അറസ്റ്റിലായത്.
ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മോഷണ സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. 2018 മുതൽ ഇരുവരും ഒന്നിച്ചായിരുന്നു താമസം. ബൈക്കിൽ കറങ്ങി നടന്ന് മോഷ്ടിക്കുന്നതാണ് ഇരുവരുടെയും രീതി. മോഷ്ടിച്ചു കിട്ടുന്ന പണം ആഡംബര ജീവിതത്തിനായി ഉപയോഗിക്കും. പണം തീരുമ്പോൾ വീണ്ടും കക്കാനിറങ്ങും. മോഷ്ടിക്കാൻ ഉദ്ദേശിക്കുന്ന മേഖലയിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചായിരുന്നു മോഷണത്തിന് ഇറങ്ങിയിരുന്നത്.
കായംകുളം, കട്ടപ്പന, കുമളി, പെരുവന്താനം പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ ഇരുവരും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രം, ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രം, അച്ചിനകം പിഴയിൽ ശ്രീദുർഗാക്ഷേത്രം, ബണ്ട് റോഡിലെ സെന്റ് ജോസഫ് കപ്പേള എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. വൈക്കം എസ്എച്ച്ഒ കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

