ആലപ്പുഴ: കായംകുളം വള്ളിക്കുന്നത്ത് വീട് കയറി അക്രമിച്ച മുഖംമൂടി സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. . ഓച്ചിറ സ്വദേശികളായ അഖിൽ ഡി പിള്ള , ആദർശ് , അസീസ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ ആയിരുന്നു സംഭവം. വള്ളികുന്നം വട്ടക്കാട് അരുൺ നിവാസിൽ അഖിൽ , ഓച്ചിറ സ്വദേശി അനൂപ് ശങ്കർ എന്നിവരെയാണ് മുഖംമൂടി സംഘം വീട്ടിൽ കയറി വെട്ടിപ്പരികേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികളെ വള്ളികുന്നം പൊലീസാണ് പിടികൂടിയത്. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. അതേസമയം തന്നെ വള്ളിക്കുന്നം മേഖലയിൽ കഞ്ചാവ് ലഹരി മാഫിയയുടെ ശല്യം പതിവായിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. മേഖലയിലെ ഗുണ്ട ലഹരിമാഫിയക്ക് തടയിടുന്നതിനായി പ്രത്യേക പരിശോധനകളും , പെട്രോളിംഗും ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

