ഗുജറാത്തിൽ വീണ്ടും ബിജെപി അധികാരത്തിലേറുമെന്ന് സർവേ ഫലം

ന്യൂഡൽഹി: 182 അംഗ നിയമസഭയിൽ 135–143 സീറ്റ് നേടി ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് എബിപി ന്യൂസ്–സി വോട്ടർ സർവേ ഫലം. 36–44 സീറ്റാണ് കോൺഗ്രസ് നേടുക. ആംആദ്മി പാർട്ടി രണ്ട് സീറ്റ് നേടുമെന്നും വോട്ടുവിഹിതം വർധിപ്പിക്കുമെന്നും സർവേയിൽ പറയുന്നു.

ബിജെപിക്കും കോൺഗ്രസിനും വോട്ട് വിഹിതം കുറയും. 46.8% വോട്ടുകളായിരിക്കും ബിജെപി നേടുക. 2017 ൽ 49.1 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. കോൺഗ്രസിന് 32.3 ശതമാനമായിരിക്കും വോട്ട് വിഹിതം. 2017ൽ 44.4 ശതമാനമായിരുന്നു. 1995 മുതൽ തുടർച്ചയായി ഏഴാം തവണയും ബിജെപി തന്നെയായിരിക്കും അധികാരത്തിലേറുക. ഈ വർഷം അവസാനമാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ്.

ഹിമാചൽ പ്രദേശിലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് സർവേയിൽ പറയുന്നു. 37 – 48 സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കും. കോൺഗ്രസിന് 21 – 29 സീറ്റുകൾ വരെയാണ് സർവേയിൽ പ്രവചിക്കുന്നത്. അധികാരത്തിലെത്തുമെങ്കിലും ബിജെപിക്ക് വോട്ട് വിഹിതം കുറയുമെന്ന് സർവേയിൽ പറയുന്നു. 48.8 ശതമാനത്തിൽ നിന്ന് 45.2 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും. കോൺഗ്രസിന് 41.7 ശതമാനത്തിൽ നിന്ന് 33.9 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും. ആംആദ്മി പാർട്ടി ശക്തമായ പ്രചാരണം നടത്തുന്നുണ്ടെങ്കിലും 1 സീറ്റ് മാത്രമെ ലഭിക്കാൻ സാധ്യതയുള്ളുവെന്നും സർവേ പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →