തിരുവനന്തപുരം: തോക്കുമായി ഇറങ്ങി തലസ്ഥാന നഗരത്തില്‍ കവര്‍ച്ച നടത്തിയ അന്യസംസ്ഥാന മോഷ്ടാവിനെ ഡല്‍ഹിയില്‍ തോക്കിന്മുനയില് നാടകീയമായി കീഴടക്കി ഫോര്‍ട്ട് പോലീസ്. നോര്‍ത്ത് ഡല്‍ഹിയിലെ ശീലാംമ്പൂരില് നിന്നു പിടികൂടിയ പ്രതി മുഹമ്മദ് അന്‍സാരിയെ (24) തിരുവനന്തപുരം കോടതിയില്‍ ഹാജരാക്കും.
തലസ്ഥാനത്തെ മോഷണ പരമ്പരയ്ക്കിടെ പോലീസിന്റെ കൈയില്‍ നിന്നു വഴുതിപ്പോയ പ്രതിയെ പിടികൂടാന്‍ കമ്മിഷണര്‍, ഡി.സി.പി, ഫോര്‍ട്ട് എ.സി.പി എന്നിവര്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ഫോര്‍ട്ട് സബ് ഇന്‍സ്പെക്ടര്‍ അഭിജിത്തിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണു പ്രതിയെ പിടികൂടിയത്. മറ്റൊരു തിരുട്ട് ഗ്രാമമാണ് ശീലാംമ്പൂര്. മുന്നൊരുക്കങ്ങളോടെയേ ഈ പ്രദേശത്ത് ഡല്‍ഹി പോലീസ് പോലും കാലു കുത്തൂ. വേഷം മാറിയെത്തിയ എസ്.ഐ: അഭിജിത്തും സംഘവും രണ്ട് മണിക്കൂറുകൊണ്ടാണ് അന്‍സാരിയെ വലയിലാക്കിയത്. ഒടുവില്‍ ഡല്‍ഹി പോലീസിന്റെ പ്രശംസയും ഏറ്റുവാങ്ങിയാണ് കേരളാ പോലീസ് മടങ്ങിയതും.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 22നാണ് തോക്കുമായി ഇറങ്ങിയ മുഹമ്മദ് അന്‍സാരിയും കൂട്ടരും ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപം കട നടത്തുന്ന മേടമുക്ക് കാര്‍ത്തിക നഗറില്‍ സുരേഷ്കുമാറിന്റെ വീട് കുത്തിപ്പൊളിച്ച് സ്വര്‍ണവും പണവും കവര്‍ന്നത്. ഇടപ്പഴഞ്ഞിയില്‍ മലയിന്‍കീഴ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധുവിന്റെ വീട്ടിലും കവര്‍ച്ചാശ്രമം നടത്തി. ഇത് തൊട്ടടുത്ത ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായ പ്രവീണിന്റെ ശ്രദ്ധയില്‍പ്പെട്ടു. മോഷണസംഘം കെഎല്‍.22 എഫ് 3094 എന്ന നമ്പര്‍ മഞ്ഞ ഹോണ്ടാ ആക്ടീവ സ്കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്കൂട്ടറിന്റെ താക്കോല്‍ പ്രവീണ്‍ ഊരിയെടുത്തു. ഇതോടെ പിന്‍സീറ്റിലിരുന്നയാള്‍ ബാഗില്‍ ഒളിപ്പിച്ചിരുന്ന തോക്ക് ചൂണ്ടി താക്കോല്‍ തിരികെ ചോദിച്ചു. വിസമ്മതിച്ച പ്രവീണ്‍ സ്കൂട്ടറില്‍ അവിടെനിന്ന് രക്ഷപ്പെട്ട് ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപന ഉടമയെ വിവരം അറിയിച്ചു.
സ്ഥാപന ഉടമ പോലീസിനെ വിളിച്ചു. പൊലീസെത്തുമ്പോഴേക്കും സ്കൂട്ടര്‍ തള്ളി സ്റ്റാര്‍ട്ടാക്കി മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് വാഹന നമ്പര്‍ സഹിതം പോലീസ് നഗരത്തിലും റൂറല്‍ പോലീസിലും വിവരം പങ്കുവച്ചെങ്കിലും തോക്ക് കൈയിലുള്ള കാര്യം വിട്ടുകളഞ്ഞു. ഇതിനിടെയാണ് മൂന്ന് മണിയോടെ വഞ്ചിയൂര്‍ ശ്രീകണ്ഠേശ്വരത്തെ ജ്യൂസ് കടയുടെ സമീപം സ്കൂട്ടര്‍ കണ്ട ബീറ്റ് ഡ്യൂട്ടിയിലായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബാബു വാഹനം തടയാന്‍ ശ്രമിച്ചത്.ബാബുവിനു നേരേ തോക്ക് ചൂണ്ടി സംഘം ഈഞ്ചയ്ക്കല്‍ ബൈപ്പാസിലേക്ക് പാഞ്ഞു. പിന്നീട് പോലീസ് തലങ്ങും വിലങ്ങും പാഞ്ഞെങ്കിലും പ്രതികളുടെ പൊടിപോലും കിട്ടിയില്ല.
തിരുവനന്തപുരത്തു നിന്ന് ഇവര്‍ തമിഴ്നാട് തഞ്ചാവൂരിലെത്തിയതായി സംശയിച്ച് പോലീസ് അവിടെ അന്വേഷണം നടത്തി. വഞ്ചിയൂരിലെ വാടകവീട്ടില്‍ നിന്ന് തിരിച്ചറിയല്‍ രേഖകളും മറ്റ് തെളിവുകളും കിട്ടിയതിനു പിന്നാലെയാണ് പോലീസ് ഡല്ഹിക്കുക്ക് തിരിച്ചത്.

