മുംബൈ: വധഭീഷണിയുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയുടെ സുരക്ഷ വർധിപ്പിച്ചു. താനെയിലെ അദ്ദേഹത്തിന്റെ സ്വകാര്യ വസതിയുടേയും മുംബൈയിലെ ഔദ്യോഗിക വസതിയുടേയും സുരക്ഷ വർധിപ്പിച്ചു.
2022 ഒക്ടോബർ അഞ്ചിന് ഷിന്ദേ മുംബൈയിൽ ദസറ റാലിയിൽ പങ്കെടുക്കുന്നുണ്ട്. റാലിക്കും സുരക്ഷ വർധിപ്പിക്കുമെന്ന് സംസ്ഥാന ഇന്റലിജൻസ് വിഭാഗം കമ്മീഷണർ വ്യക്തമാക്കി. ആഭ്യന്തരമന്ത്രി കൂടിയായ ദേവേന്ദ്ര ഫട്നാവിസിന്റെ നിർദേശപ്രകാരമാണ് നടപടി.
അതേസമയം തനിക്ക് ഇത്തരം കാര്യങ്ങളെ കുറിച്ച് ആശങ്കയില്ലെന്ന് ഷിന്ദേ പ്രതികരിച്ചു. ഭയപ്പെടുത്താൻ നോക്കേണ്ട, ആഭ്യന്തരവകുപ്പും ആഭ്യന്തരമന്ത്രിയും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. തനിക്ക് അവരെ പരിപൂർണ വിശ്വാസമുണ്ട്. വധശ്രമത്തിനെത്തുന്നവർ പരാജയപ്പെടും. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ ഒരു ഭീഷണിക്കും തന്നെ വിലക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു

