ഐ ആം ഫോർ ആലപ്പി : ഭക്ഷ്യധാന്യ കിറ്റുകൾ നൽകി

ആലപ്പുഴ : കോവിഡ് മൂലം രക്ഷകർത്താക്കളിൽ ഒരാളോ രണ്ടുപേരുമോ നഷ്ടപ്പെട്ട ജില്ലയിലെ കുട്ടികൾക്കായുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ല കളക്ടർ വി. ആർ കൃഷ്ണതേജ നിർവഹിച്ചു. ഐ. ആം. ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി ജില്ല കളക്ടറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ 268 കുട്ടികൾക്കാണ് കിറ്റ് നൽകിയത്. നെസ്ലെ ഇൻഡ്യ കമ്പനി സി.എസ്.ആർ. പ്രവർത്തനങ്ങളുടെ ഭാഗമായാണ് കുട്ടികൾക്ക് കിറ്റുകൾ സ്പോൺസർ ചെയ്തത്. ഓരോ കുട്ടിക്കും 5 കിലോ പച്ചരി, 5 കിലോ ചാക്കരി, കടല, പരിപ്പ്, ഗ്രീൻപിസ്, മല്ലി, മഞ്ഞൾ, ഉപ്പ്, മുളക്, എണ്ണ തുടങ്ങിയ സാധനങ്ങൾ അടങ്ങിയ കിറ്റുകളാണ് നൽകിയത്. കോവിഡ് മൂലം രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ ജീവിത സാഹചര്യങ്ങളും ആവശ്യങ്ങളും മനസിലാക്കാൻ കളക്ടറുടെ നിർദ്ദേശ പ്രകാരം ജില്ല ശിശു സംരക്ഷണ ഓഫീസിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് സർവ്വേ നടത്തി തയ്യാറാക്കിയ മുൻഗണന പട്ടികയുടെ അടിസ്ഥാനത്തിലാണ് കിറ്റ് വിതരണം നടത്തിയത്. പദ്ധതിയുടെ തുടർച്ചയായി കുട്ടികളുടെ ആവശ്യങ്ങൾ മനസിലാക്കി അതിനാവശ്യമായ സ്പോൺസർമാരെ കണ്ടെത്തുമെന്നും കളക്ടർ പറഞ്ഞു.  പരിപാടിയിൽ ജില്ല ശിശു സംരക്ഷണ ഓഫീസർ ടി.വി മിനിമോൾ, സ്നേഹ ജാലകം എൻ. ജി.ഒ അംഗങ്ങളായ ജോയി, വിനുമോൻ, ദ്രുവ്, ജില്ല ശിശു സംരക്ഷണ ഓഫീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →