കായിക മേഖലയില്‍ കേരളം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു: മന്ത്രി വി. അബ്ദുറഹിമാന്‍

കുസാറ്റില്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു 

         കായിക മേഖലയില്‍ കേരളം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ (കുസാറ്റ് ) കായിക വകുപ്പിന്റെ ധനസഹായത്തോടെ ഒരുക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ  കായിക രംഗത്തെ ഉന്നതിയിലേക്കു നയിക്കുന്നതിനു തീവ്ര ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. പൊതുജനങ്ങളുടെ കായിക ക്ഷമത ഉയര്‍ത്തുന്നതിനും അതോടൊപ്പം തന്നെ പ്രൊഫഷണല്‍ കായിക രംഗത്ത് മികവുറ്റ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിനും ഉതകുന്ന പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിച്ചു വരുകയാണ് കായിക വകുപ്പ്. ഒരു പഞ്ചായത്തില്‍ ഒരു കളിക്കളമെന്ന ആശയവും ഉന്നത നിലവാരത്തിലുള്ള ആധുനിക കളിക്കളങ്ങള്‍ ഒരുക്കുന്നതും അതിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

       യുവജനങ്ങളുടെ ഊര്‍ജ്ജം ലഹരി ഉപയോഗത്തിലേക്ക് വഴിതെറ്റുന്ന ഒരു പ്രവണത നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കായിക മേഖലയുടെ പ്രാധാന്യം ഒന്നുകൂടി വര്‍ദ്ധിക്കുകയാണ്. ‘കായിക ലഹരി’യിലേക്ക് യുവതയെ നയിക്കാനുള്ള ഇടപെടലുകളും സര്‍ക്കാര്‍ വ്യാപിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയ്ക്ക് പുറമെ സ്വകാര്യ നിക്ഷേപവും കായിക രംഗത്ത് നടക്കുന്നുണ്ട്.  45,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് കായിക മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. വിനോദത്തിനും മാനസിക ഉല്ലാസത്തിനും പുറമെ വലിയ തൊഴില്‍ സാധ്യതയും കായികമേഖല തുറന്നിടുകയാണെന്നും മന്ത്രി പറഞ്ഞു. 

       കുസാറ്റിൽ  10 കോടി രൂപ ചെലവിലാണ് ആധുനിക നിലവാരത്തില്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും 11′ s നാച്ചുറല്‍ ഫുട്ബോള്‍ ഗ്രൗണ്ടും പദ്ധതിയുടെ ഭാഗമായി ഒരുക്കും.  ആറ് മാസത്തിനുള്ളില്‍ നിര്‍മ്മാണം  പൂര്‍ത്തീകരിക്കും. ഇതിനൊപ്പം 2.5 കോടി രൂപ ചെലവില്‍ പവലിയനും ക്രമീകരിച്ച് നല്‍കുമെന്ന്  മന്ത്രി അറിയിച്ചു. 

          കുസാറ്റ് സെമിനാര്‍ കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്  അധ്യക്ഷത വഹിച്ചു. കുസാറ്റ് വൈസ് ചാന്‍സലര്‍ കെ. എന്‍ മധുസൂദനന്‍, കളമശ്ശേരി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിംപ്യന്‍ മേഴ്‌സി കുട്ടന്‍, ചീഫ് എഞ്ചിനീയര്‍ ശ്രീകൃഷ്ണന്‍ ബി.ടി.വി,  പ്രൊ. വൈസ് ചാന്‍സലര്‍ പി.ജി ശങ്കരന്‍, സിന്‍ഡിക്കേറ്റ് മെമ്പര്‍ പൂര്‍ണിമ നാരായണന്‍, രജിസ്ട്രാര്‍ ഡോ. വി. മീര, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്  പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →