കണ്ണൂർ: തങ്ങളുടെ കൈവശമുള്ള അപൂർവ്വ സോഫ്റ്റ്വെയർ നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാപാരിയിൽ നിന്നും ഒന്നരക്കോടി രൂപ വാങ്ങി വഞ്ചിച്ചതായി പരാതി. മട്ടന്നൂരിൽ വുഡ് ഫാക്ടറി നടത്തുന്ന കൊളച്ചേരി പാട്ടയത്തെ കെ പി അബ്ദുൽ സത്താർ ആണ് ഉത്തരമേഖല റേഞ്ച് രാഹുൽ ആർ നായർക്ക് പരാതി നൽകിയത്. ഇതേ തുടർന്ന് റുവൈസ്, മുഹമ്മദ് ആദിൽ, മുഹമ്മദ് ആസിൻ, ഇല്യാസ്, ഫൈസൽ എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. അബ്ദുൽ റഹ്മാൻ എന്ന സ്വയം പരിചയപ്പെടുത്തി ഫോൺ വിളിച്ചയാൾ തങ്ങളുടെ പക്കൽ അപൂർവ സോഫ്റ്റ്വെയർ ഉണ്ടെന്നും റെഡിമെയ്ഡ് റീടെയിൽ വസ്ത്ര വ്യാപാരത്തിന് പറ്റുന്നതാണ് ഇതെന്നും പറഞ്ഞായിരുന്നു സമീപിച്ചത്.
ഫോണിൽ സംസാരിച്ചത് കൊണ്ട് മാത്രം പോരാ ആളെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ അയാൾ ഒരു കാറിൽ വീട്ടിലെത്തി. വസ്ത്ര വ്യാപാരസ്ഥാപനത്തിൽ എത്തുന്നവരുടെ മനസ്സറിഞ്ഞ് അവർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളെ കുറിച്ച് ഫോട്ടോ കാണിച്ചു തരുന്ന സോഫ്റ്റ്വെയർ ആണ് ഉള്ളതെന്ന് വിശ്വസിപ്പിച്ചു. ഇത് റിലയൻസ് കമ്പനിക്ക് വിറ്റാൽ പത്തു കോടി രൂപ കിട്ടും എന്നും പറഞ്ഞു. തുടർന്ന് കണ്ണൂർ പയ്യാമ്പലത്തെ ഒരു റിസോർട്ടിൽ വച്ച് കച്ചവടം ഉറപ്പിച്ചു. ആ സമയം കാണിച്ചുതന്നത് ഒരു വ്യാജമായ സോഫ്റ്റ്വെയർ ആയിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. 2021 ജൂലൈ മാസം രണ്ടുതവണകളായി 1.58 കോടി രൂപ തന്നിൽ നിന്നും പ്രതികൾ വാങ്ങിയെങ്കിലും തന്റെ ഷെയർ ഒന്നും തന്നെ കിട്ടിയില്ലെന്ന് പരാതിയിൽ പറയുന്നു.

