തിരുവനന്തപുരം: ചരിത്ര കോൺഗ്രസിലെ പഴയ പ്രസംഗം ഫേസ്ബുക്കിൽ പങ്കുവച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്. രാജ്യത്തിന്റെ ഭരണഘടന അപകടത്തിലാണെന്ന് വിശദീകരിക്കുന്ന പ്രസംഗമാണ് കെ കെ രാഗേഷ് പങ്കുവെച്ചത്. സർവ്വകലാശാലകൾ സംഘപരിവാർ ആക്രമിക്കപ്പെടുകയാണെന്നും പ്രസംഗത്തിൽ പറയുന്നു. ചരിത്രത്തെ തിരുത്തി എഴുതാൻ ശ്രമം നടക്കുന്നു എന്നും പ്രസംഗത്തിൽ രാഗേഷ് പറയുന്നുണ്ട്. ഗവർണറുടെ രൂക്ഷമായ പ്രതികരണത്തിന് പിന്നാലെയാണ് പഴയ പ്രസംഗം കെ കെ രാഗേഷ് പങ്കുവച്ചത്.
ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന അക്രമത്തിൽ ഇടപെടുന്നതിൽ നിന്ന് പൊലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചിരുന്നു. വേദിയിൽ നിന്നും ഇറങ്ങിവന്നാണ് രാഗേഷ് പൊലീസിനെ തടഞ്ഞതെന്നും തനിക്കെതിരെ നടന്നത് സ്വഭാവിക പ്രതിഷേധമല്ലെന്നും രാജ്ഭവനിൽ നടത്തിയ അസാധാരണ വാർത്താസമ്മേളനത്തിൽ ഗവർണർ പറഞ്ഞു. പ്രതിഷേധ ഗൂഢാലോചനയിൽ കെ കെ രാഗേഷിന് പങ്കുണ്ടെന്നും ഗവർണർ ആരോപിച്ചു. കെ കെ രാഗേഷിൻറെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം പാരിതോഷികമാണോയെന്നാണ് ഗവർണറുടെ പരിഹാസം.
ഗവർണർക്കെതിരെ മുഖ്യമന്ത്രി കടുത്ത വിമർശനം നടത്തിയതിന് പിന്നാലെയാണ് വാർത്താസമ്മേളനം വിളിച്ചത്. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്നത് ആക്രമണമാണെന്ന് തെളിയിക്കാൻ കൂടുതൽ ദൃശ്യങ്ങളും ഗവർണർ പുറത്തുവിട്ടു. വാർത്താസമ്മേളനത്തിൽ ആദ്യം തനിക്കെതിരെ നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് ഗവർണർ പുറത്തുവിട്ടത്. രാജ്ഭവൻ ചിത്രീകരിച്ച വീഡിയോ അല്ല പുറത്തുവിടുന്നതെന്നും സർക്കാറും മീഡിയകളും ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിന്നാലെ, ആരിഫ് മുഹമ്മദ് ഖാൻ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചു. ഗവർണറുടെ ആർഎസ്എസ് വിധേയത്വം ചൂണ്ടിക്കാട്ടി ഭരണഘടനാ പദവിയിലിരുന്ന് വല്ലാതെ തരംതാഴരരുതെന്ന വിമർശനവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയതോടെ അടിക്ക് തിരിച്ചടിയെന്ന രീതീയിലായി കാര്യങ്ങൾ. 1986 മുതൽ തനിക്ക് ആർഎസ്എസുമായി ബന്ധമുണ്ടെന്ന ഗവർണറുടെ പ്രസ്താവനയിലൂന്നി വിമർശനം ശക്തമാക്കാനാണ് സിപിഎം തീരുമാനം

