തൃശൂര്‍: സീരിയല്‍ താരം ആര്‍ദ്ര ദാസിന്റെ വീടിനുനേരെ അക്രമം. ഒരു സംഘം ആളുകള്‍ വീട്ടിലെത്തി ആര്‍ദ്രയുടെ അമ്മ ശിവകുമാരിയെ മര്‍ദിച്ചതായും ചെടിച്ചട്ടികളും വീട്ടുപകരണങ്ങളും തല്ലിത്തകര്‍ത്തെന്നുമാണ് പരാതി. അയല്‍വാസിയുമായുള്ള തര്‍ക്കമാണ് അക്രമത്തിനു കാരണമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് ഒരു സംഘം ആളുകള്‍ ആര്‍ദ്രയുടെ തിരുവില്വാമല പട്ടിപ്പറമ്പിലെ വീടിനു നേരെ അക്രമം അഴിച്ചുവിട്ടത്. വീട്ടിന് മുന്നിലെ ചെടിച്ചട്ടികള്‍ തകര്‍ത്ത അക്രമികള്‍ ഇലക്ട്രോണിക് ഉപകരണങ്ങളും തല്ലിത്തകര്‍ത്തു. മാതാവ് ശിവകുമാരിയെ മര്‍ദിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു. പ്രദേശത്ത് മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നവര്‍ക്കെതിരേ പരാതി അറിയിച്ചതിന്റെ വിരോധം മൂലമാണ് തന്റെ വീട് ആക്രമിച്ചതെന്ന് ആര്‍ദ്ര പ്രതികരിച്ചു. സംഭവത്തില്‍ പഴയന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

