തിരുവനന്തപുരം: തെരുവുനായകളുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വർഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് 21 പേരാണെന്നും ഇതിൽ 15 പേരും വാക്സീൻ എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. തെരുവുനായകളെ കൊന്നതുകൊണ്ട് പരിഹാരമാകില്ല. നായ്‍ക്കളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം കുറ്റകൃത്യങ്ങൾ പ്രശ്നത്തിന് പരിഹാരമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
2022 സെപ്‍തംബർ 20 വരെ നീണ്ടുനിൽക്കുന്ന തീവ്രവാക്സീൻ യജ്ഞം തുടങ്ങിയെന്നും മുഖ്യമന്ത്രി അറിയിച്ചു. റാബീസ് വാക്സീനുകളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് കേന്ദ്രമാണ്. വളർത്തുനായ രജിസ്ട്രേഷൻ നിർബന്ധമാക്കും. അപേക്ഷിച്ചാൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് 3 ദിവസത്തിനകം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വർധിച്ച് വരുന്ന ലഹരി ഉപയോഗം ഗൗരവത്തോടെ കാണുന്നു. നാടാകെ അണിനിരന്ന് പ്രതിരോധിക്കണം. ലക്കുകെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല സമൂഹത്തെ ആകെ ബാധിക്കുന്നുണ്ട്. ലഹരിയെ പിൻപറ്റിയുള്ള ക്രിമിനൽ പ്രവർത്തനം സമാധാനം തകർക്കുന്നു. യുവജനങ്ങളിലാണ് ലഹരി ഉപയോഗം അധികം. മാരക വിഷവസ്തു സങ്കലനം ലഹരിക്കായി ഉപയോഗിക്കുന്ന പ്രവണതയും വർധിച്ചു. സർക്കാർ തലത്തിൽ നിയമം നടപ്പാക്കാൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരിക്കെതിരെയുള്ള കർമ്മ പദ്ധതി ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ആരംഭിക്കും. എല്ലാവരേയും അണിനിരത്തിയായിരിക്കും കർമ്മപദ്ധതി. എല്ലാവരും ക്യാമ്പയിനിൽ അണിചേരണം. ലഹരിവിരുദ്ധ സമിതികൾ എല്ലാ മേഖലയിലും സംസ്ഥാനതലം മുതൽ തദ്ദേശ വാർഡിൽ വരെ രൂപീകരിക്കും. 2022 നവംബർ ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ചങ്ങല സംഘടിപ്പിക്കും. പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കും. ബസ് സ്റ്റാൻറും റെയിൽവേ സ്റ്റേഷനും അടക്കം പൊതുഇടങ്ങളിൽ ജനജാഗ്രതാ സദസും സംഘടിപ്പിക്കും. വ്യാപാര സ്ഥാപനങ്ങൾ ലഹരി വിലക്കെന്ന ബോർഡ് പ്രദർശിപ്പിക്കണം. പൊലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെ നമ്പറടക്കം ബോർഡ് വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

