ആലുവ: ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് അബോധാവസ്ഥയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാറമ്പിള്ളി സ്വദേശി കുഞ്ഞു മുഹമ്മദാണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് 2022 സെപ്തംബർ 15ന് വൈകിട്ടാണ് കുഞ്ഞു മുഹമ്മദ് മരിച്ചത്. ആലുവ പെരുമ്പാവൂർ റോഡിലെ ചാലക്കൽ പതിയാട്ട് കവലയിലെ കുഴിയിൽ വീണാണ് ദിവസങ്ങൾക്ക് മുമ്പ് കുഞ്ഞു മുഹമ്മദിന് ഗുരുതരമായി പരിക്കേറ്റത്.
തലയടിച്ച് വീണതിനാൽ ദിവസങ്ങളായി സംസാര ശേഷിയും ഓർമ്മശ്കതിയും നഷ്ടമായി ആശുപത്രിയിൽ കഴിയുകയായിരുന്നു. മൃതദേഹം വൈകിട്ടോടെ കുന്നത്തുകരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. തൻറെ രക്ഷിതാവിനുണ്ടായ അവസ്ഥ ഇനിയാർക്കും ഉണ്ടാകാതിരിക്കാൻ കുഴി അടയ്ക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കുഞ്ഞു മുഹമ്മദിൻറെ മകൻ പറഞ്ഞു. കുഞ്ഞു മുഹമ്മദ് വീണ കുഴിയിൽ ഇന്നും ബൈക്ക് യാത്രക്കാരൻ വീണ് പരിക്കേറ്റിരുന്നു.
ഇയാൾ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആലുവ പെരുമ്പാവൂർ റോഡിലെ മരണക്കുഴികളിൽ വീണ് ദിനംപ്രതി യാത്രക്കാർക്ക് അപകടമുണ്ടാകുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്ത് വന്നിട്ടുണ്ട്. കുഞ്ഞുമുഹമ്മദിൻറെ മരണത്തിന് സർക്കാർ ആണ് ഉത്തരവാദിയെന്ന് ആലുവ എം എൽ എ അൻവർ സാദത്ത് പറഞ്ഞു.
ആലുവ – പെരുമ്പാവൂർ റോഡിലെ അപകടകുഴികളിൽ കരാറുകാരനെയും ഉദ്യോഗസ്ഥരെയും പഴിചാരാതെയാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ട്. റോഡിൽ പത്തിലേറെ സ്ഥലത്ത് കുഴികൾ ഉണ്ടായിട്ടുണ്ടെന്നും കരാർ പ്രകാരമുള്ള 11.7 കിലോ മീറ്റർ ജോലി മുഴുവൻ പൂർത്തിയാക്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. റോഡിൽ ഇനി രണ്ടര കിലോ മീറ്ററിലെ അറ്റക്കുറ്റപ്പണി ബാക്കിയുണ്ട്. ജോലി പൂർത്തിയാകാത്തതിനാൽ ബില്ലുകൾ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൻറെ പകർപ്പ് മാദ്ധ്യമങ്ങൾക്ക് ലഭിച്ചു.

