ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ മിനിബസ് താഴ്ചയിലേക്കു പതിച്ച് 11 യാത്രക്കാര്‍ മരിച്ചു. 25 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒമ്പതുപേരുടെ നില അതീവ ഗുരുതരമാണ്. ഗാലി മൈതാനിയില്‍ നിന്നു പൂഞ്ചിലേക്ക് പോകുകയായിരുന്ന ബസ്, സാവ്ജിയാന്‍ പ്രദേശത്തെ ബരാരിനുള്ളയില്‍ നിയന്ത്രണംവിട്ട് 100 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു. അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാര്‍ ബസിലുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. ആകെയുണ്ടായിരുന്ന 38 യാത്രക്കാരില്‍ അധികവും സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും മറ്റ് പതിവുകാരുമായിരുന്നു. അപകടം നടന്നയുടന്‍ നാട്ടുകാരും പോലീസുകാരും സമീപമുണ്ടായിരുന്ന സൈനികരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മരിച്ചവരില്‍ 5 ഉം 14 ഉം വയസുള്ള രണ്ട് ആണ്‍കുട്ടികളും രണ്ട് കൗമാരക്കാരായ പെണ്‍കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ദുരന്തത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിച്ച ലഫ്റ്റനന്റ് ഗവര്‍ണര്‍ പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.
ജമ്മു കശ്മീരില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 11 മരണം
