കോഴിക്കോട് : മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ പ്രതികളുടെ ജാമ്യപേക്ഷയിൽ 16/09/2022 വെള്ളിയാഴ്ച വിധി പറയും. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അരുൺ അടക്കം അഞ്ച് പേരാണ് കോടതിയിൽ ജാമ്യപേക്ഷ നൽകിയത്. കോഴിക്കോട് ജൂഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ് കേസുള്ളത്.
ഡിവൈഎഫ്ഐക്കാരായ പ്രതികൾ സമൂഹത്തിന് നന്മ ചെയ്യുന്നവരാണെന്നും പണത്തിന് വേണ്ടി നിലനിൽക്കുന്നവരല്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. എന്നാൽ പ്രതികൾ കുറ്റം ചെയ്തുവെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണെന്ന് വാദിഭാഗം കോടതിയെ അറിയിച്ചു. പ്രതികളിൽ നിന്നും പ്രതികളുടെ അഭിഭാഷകരിൽ നിന്നും തന്റെ കക്ഷിക്കും തനിക്കും ഭീഷണിയുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും വാദിഭാഗം അഭിഭാഷക കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ്, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ പതിനഞ്ചംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്.
ആക്രമണത്തിൽ പരാതി ഉയർന്നിട്ടും കേസെടുക്കാൻ തുടക്കത്തിൽ പൊലീസ് തയ്യാറായിരുന്നില്ല. ഒടുവിൽ വിവാദമായതോടെ, ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഇതിൽ ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചുള്ള കേസ് ജാമ്യമില്ലാത്തതാണ്.
ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കെ അരുൺ, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ അശിൻ, രാജേഷ്, മുഹമ്മദ് ഷബീർ, സജിൻ എന്നിവരാണ് കേസിലെ പ്രതികൾ. ഒളിവിലായിരുന്ന പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ തളളിയതോടെയാണ് കീഴടങ്ങിയത്.
മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാർ തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കമിട്ടത്. ഇവർ മടങ്ങി പോയതിന് പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. രോഗികളെ സന്ദർശിക്കാൻ എത്തിയവർക്കും മർദനമേറ്റു. മർദ്ദനത്തിൻറെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകൻ ഷംസുദ്ദീനെയും സംഘം അക്രമിച്ചു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. സൂപ്രണ്ടിനെ കാണാനെത്തിയ വനിതയോട് സുരക്ഷാ ജീവനക്കാർ മോശമായി പെരുമാറിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ സുരക്ഷാ ജീവനക്കാർക്കെതിരെയും പൊലീസ് കേസെടുത്തു.