തിരുവനന്തപുരം: നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധിയെത്താതിരുന്നത് സംസ്ഥാന കോൺഗ്രസ് നേതാക്കൾക്ക് നാണക്കേടായി. ഗാന്ധിയൻ ഗോപിനാഥൻനായരുടെയും കെ ഇ മാമന്റെയും ബന്ധുക്കളും കെ പി സി സി അധ്യക്ഷൻ കെ സുധാകരനും യു ഡി എഫ് കൺവീനർ എം എം ഹസനും, ശശി തരൂരും അടക്കമുള്ള നേതാക്കളും വൻ ജനക്കൂട്ടവും കാത്തുനിന്നിട്ടും സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി എത്താത്തതാണ് കല്ലുകടിയായത്. സ്ഥലത്തിന് മുന്നിലൂടെ ജാഥയിൽ നടന്നു പോയിട്ടും രാഹുൽ ഗാന്ധി ഉദ്ഘാടനത്തിന് എത്തിയില്ല. ഇതോടെ ഉദ്ഘാടനത്തിനായെത്തിയ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് വലിയ ക്ഷീണമാണുണ്ടായത്.
കെ പി സി സി അധ്യക്ഷൻ കെ സുധാകരനും തിരുവനന്തപുരം എം പി ശശി തരൂരും എല്ലാം അസ്വസ്ഥരാകുന്നതിൻറെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. ഇത്തരം തീരുമാനങ്ങളാണ് വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നാണ് ശശി തരൂർ, സുധാകരനോട് തുറന്നുപറഞ്ഞത്. ഒടുവിൽ നിംസ് എം ഡിയുടെ കൈ പിടിച്ച് കെ പി സി സി അധ്യക്ഷൻ ക്ഷമാപണം നടത്തുന്നതിൻറെയടക്കം ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു.
ഈയിടെ അന്തരിച്ച ഗാന്ധിയൻ ഗോപിനാഥൻ നായരുടെയും കെഇ മാമൻറെയും സ്മൃതി മണ്ഡപമാണ് നെയ്യാറ്റിൻകര നിംസിൽ നിർമിച്ചത്. ഭാരത് ജോഡോ യാത്ര ഇതിന് മുന്നിലൂടെ കടന്നുപോകുമ്പോൾ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. ജാഥയുടെ വിവരങ്ങൾ അടങ്ങിയ വാർത്താക്കുറിപ്പിലും ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരുന്നു.
2022 സെപിതംബർ 11ന് വൈകീട്ട് നാല് മണിക്ക് മുമ്പ് തന്നെ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ, ശശി തരൂർ എം പി, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ, ഡി സി സി അദ്ധ്യക്ഷൻ പാലോട് രവി, വി എസ് ശിവകുമാർ തുടങ്ങിയ നേതാക്കളെത്തി. ഗോപിനാഥൻ നായരുടെ ഭാര്യയും കുടുംബാംഗങ്ങളും കെ ഇ മാമന്റെ കുടുംബാംഗങ്ങളും എത്തി. ജാഥ ഇതിന് മുന്നിലൂടെ കടന്നുപോയി. പക്ഷേ രാഹുൽ ഗാന്ധി എത്തിയില്ല. സംഭവം കോൺഗ്രസ് നേതാക്കൾക്ക് വലിയ നാണക്കേടായി. പറയാമെന്നല്ലാതെ എന്ത് ചെയ്യാൻ കഴിയുമെന്നാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞത്. ഇത്തരം തീരുമാനങ്ങളാണ് വിശ്വാസ്യത ഇല്ലാതാക്കുന്നതാണെന്നും വിശ്വാസ്യതയെത്തന്നെ ബാധിക്കുമെന്നും ശശി തരൂരും തുറന്നടിച്ചു. മറ്റൊരു അവസരത്തിൽ നന്നായി ചടങ്ങ് സംഘടിപ്പിക്കാമെന്ന് ഉറപ്പ് നൽകിയ കെ സുധാകരൻ ആശുപത്രി അധികൃതരോട് ക്ഷമ ചോദിക്കുകയും ചെയ്തു

