പെരുമാതുറ അപകടം; ഹെലികോപ്റ്ററിൽ നിന്ന് രക്ഷാപ്രവർത്തകർ കടലിലേക്കിറങ്ങി, കാണാതായവര്‍ക്കായി തെരച്ചിൽ തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറയിൽ മത്സ്യബന്ധത്തിനിടെ വള്ളം മറി‌ഞ്ഞ് കാണാതായ മൂന്ന് പേർക്ക് വേണ്ടിയുളള തെരച്ചിൽ തുടരുന്നു. കടൽമാർഗവും ആകാശമാർഗ്ഗവും തെരച്ചിൽ തുടരുകയാണ്. ഹെലികോപ്റ്ററിൽ നിന്ന് രക്ഷാപ്രവർത്തകർ കടലിലേക്കിറങ്ങി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ബോട്ട് അപകടത്തിൽപ്പെട്ട സ്ഥലത്തിന് സമീപമാണ് ഹെലികോപ്റ്ററിൽ നിന്ന് നാവികസേനാ ഉദ്യോഗസ്ഥൻ കടലിലേക്ക് ഇറങ്ങിയത്. മോശം കാലാവസ്ഥ തെരച്ചിൽ ദുഷ്കരമാക്കിയിരുന്നു. അതേസമയം, രക്ഷാപ്രവർത്തനത്തിൽ അലംഭാവമുണ്ടായെന്ന് ആരോപിച്ചു പെരുമാതുറയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു.

അപകടത്തിൽപെട്ട സഫാ മർവ ബോട്ടിന്റെ ഉടമ കാഹാറിന്റെ മക്കളായ ഉസ്മാൻ, മുസ്തഫ, തൊഴിലാളിയായ സമദ് എന്നിവരെയാണ് ഇനിയും കണ്ടെത്താനാകാത്തത്. ബോട്ട് മറിഞ്ഞ സ്ഥലത്ത് തന്നെ ഇവർ വലയിൽ കുരുങ്ങിയിട്ടുണ്ടാകാം എന്നാണ് സംശയം. 06/09/22 ചൊവ്വാഴ്ച പുലർച്ചെ തെരച്ചിൽ തുടങ്ങിയെങ്കിലും മോശം കാലാവസ്ഥ തിരിച്ചടിയായി. കൊച്ചിയിൽ നിന്ന് നാവിക സേനയുടെ ഹെലികോപ്റ്റർ എത്തിയെങ്കിലും കനത്ത മഴ പ്രതിസന്ധിയായി. വടം കെട്ടി പുലിമുട്ടിനുള്ളിൽ ഉൾപ്പെട്ട വല വലിച്ചു നീക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ ശ്രമവും പരാജയപ്പെട്ടു. കടൽ പ്രക്ഷുബ്ധമായതിനാൽ രാവിലെ മുങ്ങൽ വിദഗ്ദർക്ക് കടലിൽ ഇറങ്ങാനും കഴിഞ്ഞിരുന്നില്ല. ഫിഷറീസ് വകുപ്പിന്റെ ബോട്ടിൽ കോസ്റ്റൽ പൊലീസിനൊപ്പം മത്സ്യത്തൊഴിലാളികളെയും എത്തിച്ച് വല നീക്കാനുള്ള ശ്രമം തുടരുകയാണ്. കോസ്റ്റ് ഗാർഡിന്റെ കപ്പലും തെരച്ചിൽ നടത്തുന്നുണ്ട്.

അതേസമയം, രക്ഷാ പ്രവർത്തനം വൈകി എന്നാരോപിച്ചാണ് പെരുമാതുറ ജംഗ്ഷനിൽ റോഡ് വടം കെട്ടി തടഞ്ഞത്. ചിറയിൻകീഴ് എംഎൽഎ വി.ശശിയുടെ കാർ കടത്തിവിട്ടില്ല. സബ്കളകടർക്ക് എതിരെയും പ്രതിഷേധമുണ്ടായി. 05/09/22 തിങ്കളാ ഴ്ച ഉച്ചയോടെയാണ് 23 പേരുണ്ടായിരുന്ന ബോട്ട് അപകടത്തിൽപെട്ടത്. രണ്ട് പേർ മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →