ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ണിസേന നേതാവ് കുത്തേറ്റു മരിച്ചു. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.കര്‍ണിസേനയുടെ ഇറ്റാര്‍സി ടൗണ്‍ സെക്രട്ടറി രോഹിത് സിങ് രജ്പുത്തിനെയാണ് (28) നഗരസഭാ ഓഫീസിന് മുന്നില്‍വച്ച് മൂന്നുപേര്‍ കുത്തിക്കൊന്നത്. ആക്രമണത്തില്‍നിന്ന് ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് സച്ചിന്‍ പട്ടേലിനും കുത്തേറ്റു. ഇവരെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രജ്പുത് മരിച്ചതായി സ്ഥിരീകരിച്ചു. സച്ചിന്‍ പട്ടേലിന്റെ നില ഗുരുതരമാണ്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
രോഹിത് സിങ്ങും സുഹൃത്തും റോഡരികില്‍ നില്‍ക്കുമ്പോള്‍ മോട്ടോര്‍ സൈക്കിളില്‍ എത്തിയ മൂന്നു പേര്‍ ഇവരുമായി വഴക്കുണ്ടാക്കി. തര്‍ക്കത്തിനിടെ അക്രമികളിലൊരാള്‍ കത്തിയെടുത്ത് രോഹിത്തിനെ തുടരെ കുത്തുകയായിരുന്നു. പ്രതികളായ രാഹുല്‍ രജ്പുത്, അങ്കിത് ഭട്ട്, ഇഷു മാളവ്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, പ്രതികളിലൊരാളായ അങ്കിത് ഭട്ടിന്റെ വീട് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ തകര്‍ത്തു. അനധികൃത നിര്‍മാണമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. മറ്റു രണ്ടു പ്രതികളുടെ വീടുകളും തകര്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

