തിരുവനന്തപുരം: വിമാനത്താവളത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുമെന്ന് വിമാന കമ്പനികള്‍. ആഭ്യന്തര, വിദേശ കേന്ദ്രങ്ങളില്‍ നിന്നു തിരുവനന്തപുരത്തേക്കും തിരിച്ചും കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുന്നതു പരിഗണനയിലാണെന്നും വിമാന കമ്പനി മേധാവികള്‍ പറഞ്ഞു. ട്രിവാന്‍ഡ്രംചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ര്ടി സംഘടിപ്പിച്ച ” ട്രിവാന്‍ഡ്രം എയര്‍ കണക്റ്റിവിറ്റി” ഉച്ചകോടിയിലാണ് വിമാന കമ്പനി മേധാവികള്‍ ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ സമഗ്ര വികസന രേഖ അദാനി എയര്‍പോര്‍ട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആര്‍.കെ. ജെയിനും ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ പ്രഭാത് മഹപത്രയും ഉച്ചകോടിയില്‍ അവതരിപ്പിച്ചു. എയര്‍ ഇന്ത്യാ എക്സ്പ്രസ്, ഇന്‍ഡിഗോ, സ്‌പൈസ് എക്സ്പ്രസ്, ആകാശ് എയര്‍, വിസ്താര, എയര്‍ ഏഷ്യാ, ഫ്ളൈദുബൈ, എയര്‍ അറേബ്യ, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, വിയറ്റ് ജെറ്റ് തുടങ്ങി മുപ്പതോളം വിമാന കമ്പനികളുടെ മേധാവികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തെ ലോകോത്തര നിലവാരത്തിലെത്തിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ ആണ് അദാനി ഗ്രൂപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഘട്ടംഘട്ടമായി വിമാനത്താവളത്തിന്റെ ശേഷി ആറിരട്ടിയായും ടെര്‍മിനലിന്റെ വിസ്തീര്‍ണം അഞ്ചിരട്ടിയായും വര്‍ധിപ്പിക്കും. 2024 വര്‍ഷത്തോടെ തിരുവനന്തപുരത്തെ കാര്‍ബണ്‍ ന്യൂട്രാലിറ്റി വിമാനത്താവളമാക്കി മാറ്റും. 10,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പുതിയ രാജ്യാന്തര കാര്‍ഗോയുടെ നിര്‍മാണം 2024 ല്‍ തുടങ്ങി 2026 ല്‍ പൂര്‍ത്തിയാക്കും. 2026 ല്‍ജനറല്‍ ഏവിയേഷന്‍ ടെര്‍മിനലുള്ള രാജ്യത്തെ ചുരുക്കം വിമാനത്താവളങ്ങളില്‍ ഒന്നായി തിരുവനന്തപുരം മാറും. മൂന്നാംഘട്ട വികസനം പൂര്‍ത്തിയാകുമ്പോള്‍ യാത്രക്കാരുടെ എണ്ണം പ്രതിവര്‍ഷം 26.7 ദശലക്ഷമായി വര്‍ധിക്കും. ടെര്‍മിനല്‍ ഏരിയ 2,30,000 ചതുരശ്ര മീറ്ററായും റണ്‍വേശേഷി മണിക്കൂറില്‍ 34 വിമാനങ്ങളായും ഉയരും. 1,60,000 വാര്‍ഷിക സര്‍വീസുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി ഈ ഘട്ടത്തില്‍ ഉണ്ടാവുമെന്ന് അദാനി ഗ്രൂപ്പിന്റെ മാസ്റ്റര്‍പല്‍ന്‍ വ്യക്തമാക്കുന്നു.
കേരളം ഏറ്റവും പ്രധാന വിപണിയാണെന്നും അത് പരമാവധി പ്രയോജനപ്പെടുത്തുമെന്നും എയര്‍ ഇന്ത്യ എകസ്പ്രസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അലോക് സിംഗ് പറഞ്ഞു. തിരുവനന്തപുരത്തേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജിങ് ഡയറക്ടറുടെ മുഖ്യഉപദേശകനായ ആര്‍.കെ. സിങ് വ്യക്തമാക്കി. പൂനെ, ഡല്‍ഹി സര്‍വീസുകള്‍ പുനരാരംഭിക്കും. ഡല്‍ഹി സര്‍വീസ് ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും.ആകാശ് എയറിന്റെ അടുത്ത വിപുലീകരണ പദ്ധതിയില്‍ തിരുവനന്തപുരത്തിന് മുന്തിയ പരിഗണന നല്‍കുമെന്ന് ആകാശ് എയര്‍ സഹസ്ഥാപകനും ചീഫ് കോമേഴ്സ്യല്‍ ഓഫീസറുമായ പ്രവീണ്‍ അയ്യര്‍ പറഞ്ഞു. ഫ്ലൈ ദുബൈ സര്‍വീസ് ദിവസേന രണ്ടാക്കി വര്‍ധിപ്പിക്കുമെന്ന് കോമേഴ്സ്യല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ പ്രാണ്‍ എസ്. ദാസന്‍ അറിയിച്ചു. തിരുവനന്തപുരത്തു നിന്നും ഷാര്‍ജയിലേക്കും അബുദാബിയിലേക്കും ആഴ്ചയില്‍ 14 വിമാന സര്‍വീസുകള്‍ ഈ മാസം ആരംഭിക്കുമെന്ന് എയര്‍ അറേബ്യ ഏരിയ മാനേജര്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും സര്‍വീസ് ആരംഭിക്കുമെന്ന് വിയറ്റ് ജെറ്റിന്റെ സുമന്‍ പ്രിയ അറിയിച്ചു. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, മലേഷ്യന്‍ എയര്‍ലൈന്‍സ്, എയര്‍ ഏഷ്യ, തായ് എയര്‍ തുടങ്ങിയവ തിരുവനന്തപുരത്ത് നിന്നും സര്‍വീസ് ആരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്ന് എയര്‍ ഏഷ്യ -കണ്‍ട്രി ഹെഡ് സുരേഷ് നായര്‍ അറിയിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ നന്ദ ഗോപാല്‍ നായര്‍, അവേക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രജ്ഞിത്ത് രാമാനുജം എന്നിവര്‍ മോഡറേറ്റര്‍മാര്‍ ആയിരുന്നു. സംസ്ഥാന ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ട്രാൻസ്‌പോർട്ട് സെക്രട്ടറി ബിജു പഭാകര്‍, അദാനി എയര്‍പോര്‍ട്ട് മാര്‍ക്കറ്റിങ് ഹെഡ് ഗില്‍ബെര്‍ട്ട് ജോര്‍ജ്, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ര്ടി പ്രസിഡന്റ് ഇ.എം. നജീബ്, സൗത്ത് കേരള ഹോട്ടലീയേഴ്സ്’ ഫോറം മുന്‍ പ്രസിഡന്റ് എം.ആര്‍ നാരായണന്‍, കിംസ് ഹെല്‍ത്ത് ചെയര്‍മാന്‍ ഡോ.എം ഐ സഹദുള്ള, അവേക് സെക്രട്ടറി ആര്‍.അനില്‍ കുമാര്‍, ജീ ടെക് സെക്രട്ടറി വി.ശ്രീകുമാര്‍ തുടങ്ങിയവരും സംസാരിച്ചു.

