ഓടുന്ന ട്രെയിനില്‍ മാനഭംഗശ്രമത്തിനിടെ അക്രമി തള്ളിയിട്ട യുവതി മരിച്ചു

ചണ്ഡിഗഡ്: ഓടുന്ന ട്രെയിനില്‍ മാനഭംഗശ്രമത്തിനിടെ അക്രമി തള്ളിയിട്ട യുവതി മരിച്ചു. ഹരിയാനയിലെ ഫത്തേബാദ് ജില്ലയിലാണ് മുപ്പതുകാരി കൊല്ലപ്പെട്ടത്. ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ച യുവതിയെ തള്ളിയിട്ടതിന് പിന്നാലെ അക്രമിയും ട്രെയിനില്‍ നിന്ന് ചാടിയതായി സംഭവത്തിന് ദൃക്സാക്ഷിയായ ഒന്‍പതുവയസുള്ള മകന്‍ പോലീസിന് മൊഴി നല്‍കി.01/09/2022 കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്ന് യാത്രക്കാരൊഴികെ കോച്ചില്‍ മറ്റാരുമില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതിയേയുംമകനെയും കൂട്ടിക്കൊണ്ടുപോകാന്‍ ഭര്‍ത്താവ് ഫത്തേബാദിലെ തൊഹാന സ്റ്റേഷനില്‍ കാത്തുനിന്നിരുന്നു. ട്രെയിന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ കോച്ചില്‍ മകന്‍ ഒറ്റയ്ക്കു കരഞ്ഞുകൊണ്ടുനില്‍ക്കുന്നതാണ് പിതാവ് കണ്ടത്.

തുടര്‍ന്ന്, സംഭവിച്ച കാര്യങ്ങള്‍ കുട്ടി പിതാവിനോടു പറഞ്ഞു. ട്രെയിന്‍ സ്റ്റേഷനിലെത്താന്‍ 20 കിലോമീറ്ററുള്ളപ്പോള്‍ യുവതി ഫോണില്‍ അറിയിച്ചതനുസരിച്ചാണ് ഭര്‍ത്താവ് കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയത്. അതിന് ശേഷമാണ് യുവതി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ അക്രമി മാനഭംഗശ്രമം നടത്തിയത്.ട്രെയിനില്‍ നിന്ന് ചാടിയ പ്രതി സന്ദീപി(27)നെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കുശേഷം ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ കുടുംബവും പോലീസും ചേര്‍ന്നു രാത്രി മുഴുവന്‍ നടത്തിയ തെരച്ചിലിനൊടുവില്‍ 02/09/2022 രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.രാത്രിയാത്രയില്‍ ട്രെയിനുകളില്‍ റെയില്‍വേ പോലീസിന്റെ പ്രത്യേക നിരീക്ഷണം വേണമെന്നിരിക്കേ, സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടോയെന്ന് അന്വേഷിച്ചുവരുന്നു. സംഭവസമയം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ചോദ്യംചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →