ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടിയിട്ടും വ്യവസായ സ്ഥാപനം തുറന്ന് കൊടുക്കാൻ മനസാകാതെ ന​ഗരസഭ: വ്യവസായി ദമ്പതികൾ നാടുവിട്ടു

കണ്ണൂർ : ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് തലശ്ശേരിയിലെ വ്യവസായി ദമ്പതികൾ നാടുവിട്ടത് വലിയ വാർത്തയായിരിക്കുകയാണ്. തലശ്ശേരി വ്യവസായ പാർക്കിലെ ഫാൻസി ഫൺ എന്ന സ്ഥാപനത്തിന്റെ ഉടമകളായ എഴുത്തുകാരൻ കെ തായാട്ടിന്റെ മകൻ രാജ് കബീറും ഭാര്യയുമാണ് നാട് വിട്ടത്

കെട്ടിടത്തിന് മുന്നിൽ ഷീറ്റ് ഇട്ടതിൽ നഗരസഭ ഇവരുടെ സ്ഥാപനത്തിനെതിരെ നാലര ലക്ഷം പിഴ ഒടുക്കാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ സ്ഥാപന ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. കോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടിയിട്ടും നഗരസഭ സ്ഥാപനം തുറന്ന് കൊടുത്തില്ലെന്നും ഇതിൽ മനം മടുത്താണ് ദമ്പതിമാർ നാടുവിട്ടതെന്നുമാണ് വിവരം.

നഗരസഭയുടെ നിരന്തര പീഡനം കാരണം മുന്നോട്ട് പോകാനാകുന്നില്ലെന്നാണ് നഗരസഭക്കെതിരെ എഴുതിയ കത്തിൽ പറയുന്നത്. കോടതി ഉത്തരവുമായി നഗരസഭയിൽ എത്തിയിട്ടും തുറന്ന് നൽകിയില്ലെന്നും അതിൽ മനംമടുത്താണ് ഉടമകൾ നാട് വിട്ടതെന്നും സ്ഥാപനത്തിന്റെ മാനേജർ ദിവ്യവും മാധ്യമങ്ങളോട് വിശദീകരിച്ചു. മോശം പെരുമാറ്റം നഗരസഭാ വൈസ് ചെയർമാന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും അവ‍ർ വിശദീകരിച്ചു.

നാട് വിടും മുൻപ് ഇവർ എഴുതിയ കത്തിന്റെ പൂർണ്ണരൂപം

ഞങ്ങളുടെ മൊഴി…. മുൻസിപ്പൽ അധികൃതരുടെ നിരന്തമായ പീഢനങ്ങളും പിഴയും നിമിത്തം കഴിഞ്ഞ ഒരു മാസത്തിലേറെ യായി അധികൃതർ സീൽ ചെയ്ത നടപടി പ്രകാരം ഞങ്ങളുടെ കണ്ടിക്കൽ വ്യവസായ എസ്റ്റേറ്റിലെ സ്ഥാപനവും പത്ത് തൊഴിലാളികളും ഞങ്ങളും ഒരു വരുമാനവമില്ലാതെ തെരുവിലായിരിക്കയാണ്. നിരവധി തവണ ചെയർമാനേയും വൈസ് ചെയർമാനേയും കണ്ട് ദയക്ക് വേണ്ടി അപേക്ഷിച്ചെങ്കിലും യാതൊരു ദയയും അവർ നല്കിയില്ലെന്ന് മാത്രമല്ല ലൈസൻസ് റദ്ദ് ചെയ്ത് സ്ഥാപനം സ്ഥിരമായി അടച്ചിടുന്നലിലേക്ക് കാരുങ്ങൾ മാറുകയായിരുന്നു.

എല്ലാവർക്കും നീതി കിട്ടുമെന്നു ഉറച്ച് വിശ്വസിക്കുന്ന ഞങ്ങൾക്ക് ബഹുമാനപ്പെട്ട ഹൈക്കോടതി നീതി നൽകി 19 -08-2022 ന് പുറപ്പെടുവിച ഉത്തരവിലൂടെ ലൈസൻസ് റദ്ദാക്കിയത് സ്റ്റേ നൽകി. തുറന്ന് പ്രവർത്തിക്കാനും അധിക്യതരോട് തുറന്ന് കൊടുക്കാനും ഉത്തരവിറക്കി, തുകയായി ഒരു 41600/- രൂപ നഗരസഭയിൽ ഒടുക്കി. ഈ ഉത്തരവ് ഒന്നും നഗരസഭ പരിഗണിച്ചില്ലെന്ന് മാത്രമല്ല ബഹുമാനപ്പെട്ട ഹൈക്കോടതി വിധിയെ പരിഹസിക്കുന്ന രീതിയിലുള്ള പെരുമാറ്റമാണ് ചില അധികൃതരുടെ അടുത്ത് നിന്ന് ഉണ്ടായത്. ഈ സമയം വരെ നഗരസഭ ഉത്തരവ് തന്നില്ലെന്ന് മാത്രമല്ല വീണ്ടും പല കാരണങ്ങൾ പറഞ്ഞ് നിങ്ങളെ പൂട്ടിക്കാനും ഞങ്ങൾക്ക് കഴിയും എന്ന് ഒരു താക്കീതും തന്നു. ഭീഷണിയും പകപോക്കലും തുടരുന്നതിനാൽ ഞങ്ങൾ ആകെ ഭയന്നിരിക്കയാണ്. ചെയർമാനും വൈസ് ചെയർമാനും റവന്യു സുപ്രണ്ടും ക്ലാർക്കും ഞങ്ങൾ കോടതിയിൽ പോയി ഉത്തരവ് വാങ്ങിച്ചതിത് ഭീഷണി സ്വരത്തിൽ മറുപടി പറയുകയാണുണ്ടായത് . ഞങ്ങളാകെ ഭയന്നിരിക്കയാണ് 18 വർഷമായി നന്നായി നടന്ന ഞങ്ങളുടെ ബിസിനസ് തകർന്നിരിക്കയാണ് തകർത്തിരിക്കയാണ്. ഒരു രക്ഷയുമില്ല വ്യവസായത്തിന്,മക്കളുടെ കാര്യം അവർ തന്നെ നോക്കട്ടെ അധികൃതരുടെ ക്രൂരമായ നടപടി ഇനി നമുക്ക് തങ്ങാനാവില്ല. ഞങ്ങൾ പോവുന്നു , ഞങ്ങളെയിനി അന്വേഷിക്കേണ്ട

ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഴുവൻ ഉത്തരവാദിത്വവും ഞങ്ങളെ ദ്രോഹിച്ചവർക്ക് ………!!

ഞങ്ങൾ വിളിച്ചപ്പോൾ തന്നെ പ്രതികരിച്ച വ്യവസായ മന്ത്രി രാജീവൻ സാറിന് ഈ കാര്യത്തിൽ നടപടി എടുത്ത് വരുന്നതിന് നന്ദി.അത് വരുന്ന തലമുറക്ക് നല്ലതിനാകട്ടെ .അദ്ദേഹം നടത്തുന്ന വ്യവസായ വികസന പദ്ധതികൾക്ക് ഇത്തരത്തിൽ ചില ആൾക്കാർ തുരങ്കം വെക്കുന്നത് കാണാതെ പോകരുത് സാർ !

എന്നാൽ ഇവരുടെ ആരോപണം തലശ്ശേരി നഗരസഭാ അധ്യക്ഷ നിഷേധിച്ചു. നഗരസഭയുടെ സ്ഥലം കയ്യേറിയത് കൊണ്ടാണ് നോട്ടീസ് നൽകിയതെന്നാണ് നഗരസഭാ അധ്യക്ഷയുടെ വിശദീകരണം. വിഷയത്തിൽ ഇടപെട്ടിരുന്നുവെന്നാണ് വ്യവസായ വകുപ്പ് ബ്ലോക്ക് ഓഫീസർ വിശദീകരിച്ചത്. നഗരസഭ വഴങ്ങിയില്ലെന്നും വ്യവസായ വകുപ്പ് തലശ്ശേരി ബ്ലോക്ക് ഓഫീസർ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →