വ്യക്തിഗത ഡേറ്റാ പരിരക്ഷണ ബില്‍ പിന്‍വലിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: വ്യക്തിവിവരങ്ങള്‍ എങ്ങനെ കമ്പനികള്‍ക്കും സര്‍ക്കാരിനും ഉപയോഗിക്കാമെന്നതില്‍ മാനദണ്ഡങ്ങള്‍ മുന്നോട്ടുവച്ച വ്യക്തിഗത ഡേറ്റാ പരിരക്ഷണ ബില്‍ പിന്‍വലിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതി 81 മാറ്റങ്ങള്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണിത്.

റിപ്പോര്‍ട്ട് മുഖവിലയ്ക്കെടുത്ത് പുതിയ ബില്ലിനായി സമഗ്രമായ നിയമാനുസൃത ചട്ടക്കൂട് രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.2019 ലാണ് ബില്‍ പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിട്ടത്. ഡേറ്റാ സ്വകാര്യതാ നിയമം പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉടലെടുത്തതിനു പിന്നാലെയായിരുന്നു ഇത്.ദേശീയ സുരക്ഷയും മറ്റു കാരണങ്ങളും നിരത്തി വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ കൈയടക്കാന്‍ സര്‍ക്കാരിന് വ്യാപകമായ അധികാരം നല്‍കുന്നതാണ് ബില്‍ എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തിയിരുന്നു.

വമ്പന്‍ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകള്‍ ഐഡന്റിറ്റി- വെരിഫിക്കേഷന്‍ ഓപ്ഷന്‍ നല്‍കണമെന്നു ബില്ലില്‍ വ്യവസ്ഥയുണ്ടായിരുന്നു. വ്യാജ വാര്‍ത്തകളുടെ വ്യാപനം തടയാനെന്ന പേരിലായിരുന്നു ഇത്.ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അടക്കമുള്ളവയ്ക്ക് ഈ നിര്‍ദേശം സാങ്കേതികവും നയപരവുമായ വെല്ലുവിളി ഉയര്‍ത്തുമെന്നും ആക്ഷേപം ശക്തമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →