ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിനായി പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ സുപ്രീം കോടതിയെ സമീപിച്ചു. വഞ്ചനാകേസുകളിൽ ജാമ്യം ലഭിക്കുന്ന താൻ ജയിലിൽനിന്ന് പുറത്ത് ഇറങ്ങാതിരിക്കാൻ, ക്രൈം ബ്രാഞ്ച് തന്റെ മുൻ ജീവനക്കാരെ ഭീഷണിപ്പെടുത്തി പീഡനപരാതികൾ നൽകുകയാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
കേരളത്തിലെ സർക്കാരിൽ ഉന്നത സ്വാധീനം ഉള്ള വി.ഐ.പി. വനിത കാരണമാണ് തനിക്ക് എതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതെന്നും മോൻസൺ ആരോപിച്ചിട്ടുണ്ട്.
പോക്‌സോ കേസിലെ അതിജീവിതയുടെ വിസ്താരം പൂർത്തിയായിട്ടുണ്ട്. കേസിൽ ഇനി പെൺകുട്ടിയുടെ സഹാദരന്റെയും സഹോദരന്റെ ഭാര്യയുടെയും വിസ്താരമാണ് പൂർത്തിയാകേണ്ടത്. ഇരുവരും വിദേശത്ത് ആയതിനാൽ വിസ്താരം നീണ്ടുപോകാനാണ് സാധ്യത. അതിനാൽ ജാമ്യം അനുവദിക്കണമെന്ന് മോൻസൺ മാവുങ്കൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ ആവശ്യപ്പെടുന്നു.

