പോഷക ബാല്യം പദ്ധതിയ്ക്ക് തുടക്കം; കരുതൽ ആകാൻ സർക്കാർ;

തിരുവനന്തപുരം: പോഷക ബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 01/08/22 തിങ്കളാഴ്ച നിർവഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഡിപിഐ ജവഹർ സഹകരണ ഭവനിൽ വച്ചാണ് ഉദ്ഘാടന ചടങ്ങുകൾ. സംസ്ഥാന വനിതാ ശിശു വികസന വകുപ്പാണ് 61.5 കോടി രൂപയുടെ പോഷക ബാല്യം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി അംഗനവാടി സ്കൂൾ കുട്ടികൾക്ക് പാലും, മുട്ടയും നൽകുന്നതാണ് പദ്ധതി.

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള 33,115 അംഗനവാടികളിലും പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കുട്ടികളുടെ പോഷകാഹാരം നിലവാരം ഉയർത്തുന്നതിനും, സുസ്ഥിരവികസന ലക്ഷ്യം കൈവരിക്കുന്നതിനും ആയാണ് ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും, രണ്ടുദിവസം പാലും നൽകുന്നത്. ഒരു കുട്ടിക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാൽ വീതം ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലും, ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകും.

അംഗൻവാടികളിലെ മൂന്നു വയസ്സു മുതൽ ആറു വയസ്സു വരെയുള്ള നാല് ലക്ഷത്തോളം പ്രീ സ്കൂൾ കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. കുഞ്ഞുങ്ങളുടെ ഭൗതികവും, വൈകാരികവും, സാമൂഹികവും, ആരോഗ്യപരവുമായ വികാസത്തിന് ഊന്നൽ നൽകിയ ആറ് സേവനങ്ങളാണ് അംഗൻവാടികൾ വഴി നൽകുന്നതെന്ന് വീണാ ജോർജ്ജ് പറഞ്ഞു. ഇതിൽ ഒരു പ്രധാന സേവനമാണ് അനുപൂരക പോഷകാഹാര പദ്ധതി. ഈ പദ്ധതി പ്രകാരം ആറുമാസം മുതൽ ആറു വയസ്സു വരെയുള്ള കുട്ടികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ എന്നിവർക്ക് അംഗൻവാടികളിലൂടെ അനുപൂരക പോഷകാഹാരം നൽകിവരുന്നു.

ഇതുകൂടാതെയാണ് അംഗൻവാടി മെനുവിൽ പാലും, മുട്ടയും ഉൾപ്പെടുത്തിയത്. മിൽമ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീര കർഷകർ എന്നിവർ വഴി ഈ പദ്ധതിക്ക് ആവശ്യമായ പാൽ അംഗൻവാടികളിൽ നേരിട്ട് എത്തിക്കുന്നതാണ്. ഈ സംവിധാനങ്ങൾ ഒന്നും ലഭ്യമല്ലാത്ത മലയോര ഗ്രാമ പ്രദേശങ്ങളിലെ 220 അംഗൻവാടികളിൽ മിൽമയുടെ പാൽ വിതരണം ചെയ്യുന്നതാണ്. അംഗൻവാടികളിൽ ആനന്ദകരമായ വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യപൂർണമായ ബാല്യം പ്രധാനം ചെയ്യുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ സാധ്യമാകുന്നത് എന്നും വീണാ ജോർജ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →