ഗൂഢാലോചനയുടെ ഇരയെന്നു പാര്‍ത്ഥ; പൊട്ടിക്കരഞ്ഞും കുഴഞ്ഞുവീണും അര്‍പ്പിത

കൊല്‍ക്കത്ത: ഗൂഢാലോചനയുടെ ഇരയാണു താനെന്ന് അഴിമതിക്കേസില്‍ അറസ്റ്റിലായ ബംഗാള്‍ മുന്‍മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡിയില്‍ കഴിയുന്നതിനിടെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാര്‍ത്ഥയ്ക്കും കൂടെ അറസ്റ്റിലായ നടി അര്‍പ്പിത മുഖര്‍ജിക്കും 48 മണിക്കൂര്‍ ഇടവിട്ട് ആശുപത്രിയില്‍ പരിശോധന ഉറപ്പാക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് അര്‍പ്പിതയെയും ഇന്നലെ കൊല്‍ക്കത്തയിലെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍, കാറില്‍നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ച അവര്‍ പൊട്ടിക്കരയുകയും കുഴഞ്ഞുവീഴുകയും ചെയ്തു. ഒടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് പൊക്കിയെടുത്താണ് അര്‍പ്പിതയെ കാറില്‍നിന്ന് പുറത്തിറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കാറില്‍ നിന്ന് പുറത്തേക്ക് വലിച്ചിറക്കിയപ്പോഴും അവര്‍ നിലത്തിരുന്നും പ്രതിഷേധിച്ചു. കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും നടി ചെവിക്കൊണ്ടില്ല. പിന്നീട്, വീല്‍ചെയറില്‍ ബലമായി പിടിച്ചിരുത്തിയാണു കൊണ്ടുപോയത്. അപ്പോഴും നടി ഉറക്കെ കരയുന്നുണ്ടായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

തന്റെ ഫല്‍ലാറ്റുകളില്‍നിന്ന് ഇ.ഡി. കണ്ടെടുത്ത പണം പാര്‍ത്ഥാ ചാറ്റര്‍ജിയുടേതാണെന്ന് അര്‍പ്പിത പറഞ്ഞെന്നാണു റിപ്പോര്‍ട്ട്. ഇവരുടെ ഫല്‍റ്റുകളില്‍നിന്ന് 50 കോടിയിലധികം രൂപയും കിലോക്കണക്കിനു സ്വര്‍ണവും റെയ്ഡുകളില്‍ പിടിച്ചെടുത്തിരുന്നു. ഫല്‍റ്റുകളില്‍ കണക്കില്‍പ്പെടാത്ത പണമുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയും വലിയ തുകയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അര്‍പ്പിത പറഞ്ഞതായാണ് വിവരം.

കഴിഞ്ഞ മമതാ ബാര്‍നര്‍ജി മന്ത്രിസഭയില്‍ പാര്‍ത്ഥ ചാറ്റര്‍ജി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കെ സ്‌കൂള്‍ അധ്യാപകരുടെയും സി, ഡി വിഭാഗം ജീവനക്കാരുടെയും നിയമനത്തിലൂടെ അഴിമതി നടത്തിയെന്നാണ് ആരോപണം. അര്‍പ്പിത മുഖര്‍ജി അദ്ദേഹത്തിന്റെ സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നെന്നും ഇ.ഡി. പറയുന്നു. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം വിദ്യാഭ്യാസ വകുപ്പിലെ ക്രമക്കേടുകള്‍ സി.ബി.ഐ. അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →