ശിവസേനയിലെ തര്‍ക്കം: സുപ്രീം കോടതി ഓഗസ്റ്റ് ഒന്നിന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ശിവസേനയില്‍ ഭൂരിപക്ഷപിന്തുണ ആര്‍ക്കെന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുമ്പാകെയുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഓഗസ്റ്റ് ഒന്നിനു വാദം കേള്‍ക്കും. ഇതുള്‍പ്പെടെ മഹാരാഷ്ട്രയിലെ സമീപകാല രാഷ്ട്രീയ സംഭവ വികാസങ്ങള്‍ സംബന്ധിച്ച ഹര്‍ജികളും കോടതി അന്ന് പരിഗണിക്കും.

അനുബന്ധഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേയാണ് ഭൂരിപക്ഷപിന്തുണ സംബന്ധിച്ച് ഏക്നാഥ് ഷിന്‍ഡെ വിഭാഗം തെരെഞ്ഞടുപ്പ് കമ്മിഷനെ സമീപിച്ചതെന്ന് ഉദ്ധവ് പക്ഷത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് അന്നുതന്നെ എല്ലാ ഹര്‍ജികളും പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷനു മുന്നിലുള്ള വിഷയം തീര്‍ത്തും വ്യത്യസ്തമാണെന്നായിരുന്നു ഷിന്‍ഡെ വിഭാഗത്തിന്റെ അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളിന്റെ വാദം. പാര്‍ട്ടിയെ ആര് പ്രതിനിധീകരിക്കണമെന്നും ചിഹ്നത്തിന് ആര്‍ക്കാണ് അര്‍ഹതയെന്നുമുള്ള ഉള്‍പാര്‍ട്ടി തര്‍ക്കമാണ് കമ്മിഷനു മുന്നിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതും സുപ്രീം കോടതി പരിഗണിക്കുന്ന മറ്റ് വിഷയങ്ങളുമായി ബന്ധമില്ല.

ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്രമങ്ങള്‍ എന്താണെന്നു ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആരാഞ്ഞു. ഓഗസ്റ്റ് എട്ടിനു രേഖകള്‍ ഹാജരാക്കാന്‍ ഇരുപക്ഷത്തിനും കമ്മിഷന്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അഡ്വ. കൗള്‍ അറിയിച്ചു. ഇതോടെയാണ് ഈ വിഷയവും ഓഗസ്റ്റ് ഒന്നിന് പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനമെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്ധവ് പക്ഷത്തെ സുഭാഷ്‌ ദേശായിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →