തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ മാലിന്യ നിർമാർജ്ജനം, ജൽജീവൻ മിഷൻ പദ്ധതികൾക്ക് മുൻഗണന നൽകാൻ നിർദേശം
ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാർഷിക റിപ്പോർട്ട് അംഗീകാരിക്കുന്നതിനായുള്ള ജില്ല ആസൂത്രണ സമിതി യോഗം ചേർന്നു. സംസ്ഥാന തലത്തിൽ പ്രശംസക്ക് അർഹമായ ഓപ്പറേഷൻ വാഹിനി പോലുള്ള പദ്ധതികൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കണമെന്ന് ആസൂത്രണ സമിതി മെമ്പർ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടർ ജാഫർ മാലിക്ക് പറഞ്ഞു. ജൽജീവൻ മിഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ ഭൂമി വാങ്ങാനുള്ള പദ്ധതികളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണം 25 വർഷം പിന്നിടുമ്പോൾ പദ്ധതികളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വളരെ മുന്നേറ്റം കാഴ്ചവച്ചത് അഭിമാനകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടർ പദവിയൊഴിയുന്ന ജാഫർ മാലിക്കിന് ആസൂത്രണ സമിതിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൈമാറി. മികച്ച രീതിയിൽ വാർഷിക റിപ്പോർട്ട് തയ്യാറാക്കിയ കടുങ്ങല്ലൂർ, ഇലഞ്ഞി പഞ്ചായത്തുകളിലെ പ്രസിഡന്റുമാരെയും ഉദ്യോഗസ്ഥരെയും ആസൂത്രണ സമിതി അഭിനന്ദിച്ചു.
ജില്ലയിൽ പുതുതായി ആരംഭിക്കാൻ അനുമതി ലഭിച്ച 22 ബഡ്സ് സ്കൂളുകളുടെ വിവരങ്ങൾ യോഗത്തിൽ വിലയിരുത്തി. നിലവിൽ 15 ബഡ്സ് സ്കൂളുകൾ ജില്ലയിൽ ആരംഭിച്ചു കഴിഞ്ഞു. രണ്ടു സ്ഥലങ്ങളിൽ കെട്ടിടങ്ങളുടെ നിർമാണം സാങ്കേതിക കാരണങ്ങളാൽ ആരംഭിച്ചിട്ടില്ല. വെങ്ങോലയിൽ കെട്ടിട നിർമാണം പുരോഗമിക്കുകയാണ്. ബാക്കിയിടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
ആകെ 23 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഷിക റിപ്പോർട്ട് ആണ് ആസൂത്രണ സമിതി അംഗീകരിച്ചത്. പത്ത് ബ്ലോക്ക് പഞ്ചായത്തുകളിലെയും മൂന്ന് മുൻസിപ്പാലിറ്റികളിലെയും എട്ടു പഞ്ചായത്തുകളിലെയും വാർഷിക റിപ്പോർട്ടുകൾക്ക് അംഗീകാരം ലഭിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിധിയിലെ മിയോവാക്കി വന നിർമാണം, ആരോഗ്യ സുരക്ഷാ പദ്ധതികൾ, സ്വകാര്യ സ്ഥാപനങ്ങളിലെ പച്ചക്കറി കൃഷി, ക്ഷീര വികസന പദ്ധതികൾ തുടങ്ങിയവ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താൻ ബ്ലോക്ക് പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിരുന്നു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സമർപ്പിച്ച 73 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. 5.93 കോടി രൂപയാണ് അടങ്കൽ തുക. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 117 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. 2.57 കോടി രൂപയാണ് അടങ്കൽ തുക. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ 79 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. 3.45 കോടി രൂപയാണ് അടങ്കൽ തുക. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 118 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. 6.54 കോടി രൂപയാണ് അടങ്കൽ തുക. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 78 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. 3.96 കോടി രൂപയാണ് അടങ്കൽ തുക. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 97 പദ്ധതികൾ അംഗീകരിച്ചു. 1.07 കോടി രൂപയാണ് അടങ്കൽ തുക. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 97 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. 8.21 കോടി രൂപയാണ് അടങ്കൽ. വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ 65 പദ്ധതികൾ അംഗീകരിച്ചു. 3.69 കോടി രൂപയാണ് അടങ്കൽ തുക. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 101 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. 10.78 കോടി രൂപയാണ് അടങ്കൽ തുക. പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ 91 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. 5.98 കോടി രൂപയാണ് അടങ്കൽ തുക.
തരിശു ഭൂമിയിലെ കൃഷി, മാലിന്യ സംസ്ക്കരണം തുടങ്ങിയ പദ്ധതികൾക്കാണ് മുൻസിപ്പാലിറ്റികളിൽ മുൻഗണന നൽകിയിട്ടുള്ളത്. ആലുവ മുൻസിപ്പാലിറ്റിയിലെ 173 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. 11.21 കോടി രൂപയാണ് അടങ്കൽ തുക. പിറവം മുൻസിപ്പാലിറ്റിയിലെ 159 പദ്ധതികൾക്കാണ് ആസൂത്രണ സമിതി അംഗീകാരം ലഭിച്ചത്. 8.66 കോടി രൂപയാണ് അടങ്കൽ. തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിലെ 311 പദ്ധതികൾ അംഗീകരിച്ചു. 3.55 കോടി രൂപയാണ് അടങ്കൽ തുക.
മാലിന്യ സംസ്കരണം, എല്ലാ വാർഡുകളിലും പെറ്റ് ബോട്ടിലുകൾ ശേഖരിക്കാനുള്ള മിനി എം.സി.എഫുകൾ, തരിശു ഭൂമിയിലെ കൃഷി ,പ്രാദേശിക കാലാവസ്ഥ വ്യതിയാന പദ്ധതി , അസറ്റ് മാപ്പിംഗ് എന്നിവയ്ക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. എടക്കാട്ടുവയൽ , ഇലഞ്ഞി ,കടുങ്ങല്ലൂർ , കോട്ടപ്പടി, കുമ്പളം, വാളകം, വാഴക്കുളം, നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തുകളുടെ വാർഷിക പദ്ധതികൾക്ക് ആസൂത്രണ സമിതി അംഗീകാരം നൽകി.
യോഗത്തിൽ ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ.തുളസി ടീച്ചർ, അനിത ടീച്ചർ, ദീപു കുഞ്ഞുകുട്ടി, ശാരദ മോഹൻ, ഷൈമി വർഗ്ഗീസ്, ലിസി അലക്സ്, എ.എസ് അനിൽകുമാർ, മനോജ് മൂത്തേടൻ, സനിത റഹീം, റീത്ത പോൾ, മേഴ്സി ടീച്ചർ, പി.കെ ചന്ദ്രശേഖരൻ, ജില്ലാ പ്ലാനിങ്ങ് ഓഫീസർ പി.എ ഫാത്തിമ തുടങ്ങിയവർ പങ്കെടുത്തു.

