ന്യൂഡൽഹി: ശബ്ദലേഖനത്തിനുള്ള ദേശീയ ചലചിത്രപുരസ്കാരം വിവാദത്തിൽ. സിങ്ക് സൗണ്ടിനുള്ള പുരസ്കാരം ലഭിച്ചത് ഡബ്ബ് ചെയ്ത ചിത്രത്തിന്. കന്നട ചിത്രമായ ദൊള്ളുവിലൂടെ പുരസ്കാരം നേടിയത് മലയാളിയായ ജോബിൻ ജയനാണ്. സ്റ്റുഡിയോയിൽ ആണ് ഈ ചിത്രത്തിന്റെ സൗണ്ട് റെക്കോർഡിങ്ങ് നടന്നത്. വീഴ്ച ആരോപിച്ച് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയും, ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസും രംഗത്ത് വന്നതോടെയാണ് ഈ അവാർഡ് വിവാദത്തിൽ ആയത്.
സാധാരണ പുരസ്കാര പ്രഖ്യാപനത്തിനുശേഷം വിവാദങ്ങൾ ഉണ്ടാക്കുന്നത് മറ്റു ചിത്രത്തിലെ അണിയറ പ്രവർത്തകരാണ്. എന്നാൽ നിലവിൽ ദൊള്ളു എന്ന ചിത്രത്തിന്റെ തന്നെ സൗണ്ട് ഡിസൈനറായ നിതിൻ ലൂക്കോസ് ആണ് പുരസ്കാരത്തിനെതിരെ രംഗത്തുവന്നത്. നിതിൻ ലൂക്കോസ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

