ഇ.എ.ആര്‍.എ.എസ് ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് സംഘടിപ്പിച്ച ജില്ലാതല ഇ.എ.ആര്‍.എ.എസ് പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സ്ഥിതി വിവര വകുപ്പ് ശേഖരിക്കുന്ന കണക്കുകള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ കാര്‍ഷിക മേഖലയില്‍ ഫലപ്രദമായ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സിന്‍സിമോള്‍ ആന്റണി അധ്യക്ഷത വഹിച്ചു.

ഭൂവിനിയോഗം, വിവിധ വിളകളുടെ വിസ്തൃതി, ഉത്പാദനം, ജലസേചനം തുടങ്ങി കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സര്‍വ്വേയിലൂടെ ശേഖരിക്കുന്നത്. സര്‍ക്കാരിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും കൃഷിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും കര്‍ഷകര്‍ക്ക് സബ്സിഡി ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനും ഈ വിവരങ്ങള്‍ സഹായകമാകും. പ്രധാന മന്ത്രി ഫസല്‍ ഭീമ യോജനയില്‍ വിള ഇന്‍ഷുറന്‍സ് ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് വിള നാശമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുന്നതും സര്‍വേയുടെ ഭാഗമായി ശേഖരിക്കുന്ന യീള്‍ഡ് ഡാറ്റ വിലയിരുത്തിയാണ്. മറ്റ് ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം തിട്ടപ്പെടുത്താനും ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നു.  സര്‍വ്വേയുടെ വിവരങ്ങള്‍ www.ecostat. kerala.gov. in എന്ന വിലാസത്തില്‍ ലഭ്യമാകും.

ജില്ലാ പ്ലാനിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി ജോസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ജെ.ജോയ്, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ ലാല്‍സിംഗ്,  ജില്ലാ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ പി. ഡി.പ്രിയദര്‍ശിനി, അഡീഷണല്‍ ജില്ലാ ഓഫീസര്‍ സോമസുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.

കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അനിത ജയിംസ് ക്ലാസെടുത്തു.  കെ. എം താഹിറ, പി. ആര്‍.സുരേഷ്, കെ.ടി സന്തോഷ്‌കുമാര്‍ , പി.എം മുജീബ് , ടി.വി സണ്ണി  എന്നിവര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →