വഴിയാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ശുചിത്വവും സുരക്ഷിതത്വവുമുള്ള ശുചിമുറി ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘ടേക് എ ബ്രേക്ക്’ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിൽ ഒരുങ്ങുന്നത് 203 ശുചി മുറികൾ. നിലവിലുള്ള 99 പൊതു ശുചിമുറികളുടെയും, കെഎസ്ആർടിസി ബസ് സ്റ്റാൻ്റിലെ 4 ശുചിമുറികളുടെ നവീകരണവും ഇതിൽ ഉൾപ്പെടും.
പദ്ധതിയുടെ ഭാഗമായി ജില്ലയിൽ കൊച്ചി കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി 70 ശുചിമുറികളുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്.
കൊച്ചി കോർപ്പറേഷന് കീഴിൽ 14 പൊതു ശുചിമുറികളും, 13 മുൻസിപ്പാലിറ്റികളിലായി 53 ശുചിമുറികളും, 82 ഗ്രാമപഞ്ചായത്തുകളിലായി 136 എണ്ണവുമാണ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്നത്.
ദേശീയ- സംസ്ഥാന പാതയോരങ്ങൾ, സർക്കാർ – പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിസരങ്ങൾ, തദ്ദേശ സ്ഥാപനങ്ങളുടെ ഓഫീസ് പരിസരം, വാണിജ്യ കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലാണ് ശുചിമുറികള്‍ ഒരുക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയില്‍ ആധുനിക സംവിധാനങ്ങളോടെയാണ് ശുചിമുറി ഒരുങ്ങുന്നത്. എല്ലാ ടോയ്ലറ്റുകളിലും സാനിട്ടറി നാപ്‌കിൻ ഡിസ്ട്രോയർ, അജെെവമാലിന്യ സംഭരണ സംവിധാനങ്ങൾ, അണുനാശിനികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
പെർഫോമൻസ് ബേസ്ഡ് ഇൻസെൻ്റീവ് ഗ്രാൻ്റ്, ശുചിത്വ കേരളം ഫണ്ട്, പഞ്ചായത്ത് പ്ലാൻ ഫണ്ട്, ധനകാര്യ കമ്മീഷൻ ഗ്രാൻ്റ്, സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ ) ഫണ്ട് എന്നീ ഫണ്ടുകൾ വിനിയോഗിച്ചാണ് പദ്ധതി നിർമ്മാണം പൂർത്തീകരിക്കുന്നത്. അതത് തദ്ദേശ സ്ഥാപനത്തിൻ്റെ പരിധിയിലുള്ള കുടുംബശ്രീ യൂണിറ്റുകൾക്കാണ് നടത്തിപ്പിന്‍റെയും പരിപാലനത്തിന്‍റെയും ചുമതല.

