ചണ്ഡീഗഡ്: അനധികൃത ഖനനം തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ മാഫിയാ സംഘം വാനിടിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ നൂഹില്‍ ആണ് സംഭവം. മേവാത്, തവാഡു ഡി.എസ്.പി ആയ സുരേന്ദ്ര സിങ് ബിഷ്ണോയ് ആണ് കൊല്ലപ്പെട്ടത്. ഖനനംചെയ്ത കല്ല് കൊണ്ടുപോവുന്നത് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്റെ മേലേക്ക് മാഫിയാ സംഘം വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. സുരേന്ദ്ര സിങ് ബിഷ്ണോയ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.അനധികൃത ഖനനം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇത് തടയാനായാണ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയത്. ഇദ്ദേഹം സ്ഥലത്തെത്തിയപ്പോള്‍ ഖനനം ചെയ്തെടുത്ത ലോഡുമായി വാഹനം പോകാന്‍ തുടങ്ങുകയായിരുന്നു. നിര്‍ത്താനായി ഉദ്യോഗസ്ഥന്‍ കൈ കാണിച്ചെങ്കിലും ഡ്രൈവര്‍ അതിവേഗത്തില്‍ സുരേന്ദ്രസിങ്ങിന് നേരെ വാഹനം ഓടിച്ചുകയറ്റി എന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം.
ഡ്രൈവര്‍ ഉടനെ വാഹനം നിര്‍ത്തി ഇറങ്ങിയോടി രക്ഷപ്പെട്ടു. പ്രതിക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ ജനറല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഒന്നിലധികം വാഹനങ്ങള്‍ ഇടിപ്പിച്ചാണോ കൊലപ്പെടുത്തിയതെന്നും പോലീസ് സംശയിക്കുന്നുണ്ട്.