ചവറ: കൊല്ലം ചവറയിൽ തിരിച്ചടവ് മുടങ്ങിയ ഉടമകളുടെ വീടുകളിൽ സ്പ്രേ പെയിന്റ്കൊണ്ട് ധനകാര്യ സ്ഥാപനം ഉടമസ്ഥാവകാശം എഴുതിപ്പിടിപ്പിച്ചു. സ്ഥാപനത്തിന്റെ പേരാണ് ഭിത്തിയിൽ എഴുതി പിടിപ്പിച്ചത്. ചോള ഹോം ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തവർക്കാണ് ഈ ദുരവസ്ഥ. രണ്ടു മാസത്തെ തിരിച്ചടവ് മുടങ്ങിയതിനാണ് ചുമരുകളിൽ ധനകാര്യസ്ഥാപനത്തിന്റെ പേര് എഴുതിയത് വീട്ടുകാർ ആരോപിച്ചു.
ചോള ഫിനാൻസിനു വേണ്ടി പിരിവിന് എത്തുന്ന ഏജന്റിൽ നിന്ന് കടുത്ത പീഡനമാണ് നേരിടുന്നതെന്നാണ് വീട്ടുടമ പറയുന്നത്. പണം പിരിക്കാൻ എത്തുന്ന ഏജന്റ് അപമര്യാദയായി പെരുമാറുന്നത് പതിവാണ്. പലപ്പോഴും ഭീഷണിപ്പെടുത്താറുണ്ട്. ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്ന ഗുരുതര ആരോപണവും ഏജന്റിനെതിരെ വീട്ടുടമ ഉന്നയിച്ചു. ഒരു തിരിച്ചടവ് മുടങ്ങിയ വീടിനു മുന്നിൽ പച്ചയും, രണ്ടെണ്ണം മുടങ്ങിയാൽ ഓറഞ്ച് സ്റ്റിക്കറും പതിക്കും. ഇതിനെതിരെ പോലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല എന്നാണ് വീട്ടുകാരുടെ ആരോപണം.
പരാതിയിൽ ഏജന്റിനെ പോലീസ് വിളിച്ചുവരുത്തുകയും, വീടുകളിൽ പോയി പണം പിരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇയാൾ ഇത് കൂട്ടാക്കിയിട്ടില്ല. ഇപ്പോഴത്തെ സംഭവത്തിന് പിന്നാലെ ഇയാളെ പോലീസ് വീണ്ടും വിളിപ്പിച്ചിട്ടുണ്ട്. വീട്ടുകാരെയും വിളിപ്പിച്ചു. അതേസമയം, ഇത്തരത്തിൽ ചെയ്യാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് ധനകാര്യസ്ഥാപനമായ ചോള ഹോം ഫിനാൻസിന്റെ വിശദീകരണം. ഏജന്റിനു പറ്റിയ വീഴ്ചയാണ് ഇതെന്നും സ്ഥാപനം വ്യക്തമാക്കുന്നു.

