ജി.എസ്.ടി; നഷ്ടപരിഹാരസെസ് നാലുവര്‍ഷം കൂടി

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി(ജി.എസ്.ടി.)നഷ്ടപരിഹാര സെസ് പിരിക്കുന്നത് നാലുവര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനം. ജൂലൈ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെ സെസ് പിരിവ് നീട്ടാന്‍ തീരുമാനിച്ചെന്ന് വിജ്ഞാപനത്തിലൂടെ ധനമന്ത്രാലയം വ്യക്തമാക്കി.

സെസ് ലെവി പിരിക്കുന്നത് ജൂണ്‍ 30ന് അവസാനിക്കേണ്ടതായിരുന്നുവെങ്കിലും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ സംസ്ഥാന ധനമന്ത്രിമാര്‍ പങ്കെടുത്ത ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിലാണ് നീട്ടാനുള്ള തീരുമാനം. റവന്യൂവരുമാനത്തിലെ ഇടിവിനേത്തുടര്‍ന്ന് കഴിഞ്ഞരണ്ടുവര്‍ഷം സംസ്ഥാനങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനുവേണ്ടി സെസ് പിരിക്കല്‍ നാലുവര്‍ഷം കൂടി തുടരും എന്നാണ് കൗണ്‍സില്‍ പറയുന്നത്.അതേസമയം ജി.എസ്.ടി. നടപ്പാക്കിയതിനെത്തുടര്‍ന്ന് സംസ്ഥാനങ്ങളുടെ നികുതിവരുമാനത്തില്‍ ഉണ്ടായ കുറവ് നികത്തുന്നതിനായി നല്‍കിവന്നിരുന്ന നഷ്ടപരിഹാരം ഈ മാസം അവസാനിക്കുമെന്ന് ലഖ്നൗവില്‍ നടന്ന 45-ാം ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിനുശേഷം നിര്‍മലാ സീതാരാമന്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ വന്ന വരുമാനത്തിന്റെ കുറവിനേത്തുടര്‍ന്ന് 2020-21ല്‍ 1.1 ലക്ഷം കോടിയും 2021-22ല്‍ 1.59 ലക്ഷം കോടി രൂപയുമാണ് കേന്ദ്രം കടമെടുത്തത്. ഇതില്‍ 2021-22 വര്‍ഷം പലിശ ഇനത്തില്‍ 7,500 കോടി രൂപ കേന്ദ്രം തിരിച്ചടച്ചു. ഈ സാമ്പത്തികവര്‍ഷം 14,000 കോടി രൂപയും അടയ്ക്കും. 2023-24 വര്‍ഷത്തില്‍ പ്രിന്‍സിപ്പല്‍ തുകയുടെ തിരിച്ചടവ് തുടങ്ങും. ഇത് 2026 വരെ നീളും. 2017 ജൂെലെയിലാണ് ജി.എസ്.ടി. നടപ്പാക്കിയത്. ജി.എസ്.ടി. നടപ്പാക്കിയതുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ അതേവര്‍ഷം മുതല്‍ നഷ്ടപരിഹാരം ഏര്‍പ്പാടാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →