ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: സംരക്ഷിത വനമേഖലക്ക്‌ ചുറ്റുമുളള ഒരുകിലോമീറ്റര്‍ ബഫര്‍സോണ്‍ ആക്കുന്നതിനെതിരെ ഇടപെടലുണ്ടായില്ലെന്ന്‌ ആക്ഷേപിച്ച്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ്‌ അടിച്ചു തകര്‍ത്തതിനു പിന്നാലെ ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധികളും ഒഴിവാക്കേണ്ട പ്രദേശങ്ങളുടെ വിശദാംശങ്ങളും വിശദമായി ചര്‍ച്ച ചെയ്യാനാണ്‌ മുഖ്യമന്ത്രി ഉന്നത തല യോഗം വിളിച്ചത്‌. മുഖ്യമന്ത്രിയും വനം മന്ത്രിയും നിയമ വിദഗ്‌ധരും 2022 ജൂണ്‍ 30 വ്യാഴാഴ്‌ച ചേരുന്ന യോഗത്തില്‍ പങ്കെടുക്കും.

വനം മേധാവിയുടെ നേതൃത്വത്തില്‍ വനം,റവന്യൂ, തദ്ദേശ ഭരണ വകുപ്പുകള്‍, സംയുക്തമായി ഇത്‌ സംബന്ധിച്ച സര്‍വേയും പഠനവും നടത്തുന്നുണ്ട്‌. മൂന്നുമാസത്തിനകം പ്രദേശങ്ങളെ ഇനംതിരിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ജനവാസ മേഖലകളെ പൂര്‍ണമായി ഒഴിവാക്കുമ്പോള്‍ എടുക്കേണ്ട നിയമപരവും നയപരവുമായ പ്രതിസന്ധികള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ്‌ വിവരം

ബഫര്‍ സോണ്‍ വിഷയത്തില്‍ ഒരുകിലോമീറ്റര്‍ പരിധിനിശ്ചയിച്ചതിനെതിരെ നിയമ നിര്‍മാണം നടത്തണം, ജനവാസ മേഖലകള്‍ ബഫര്‍ സോണില്‍ നിന്ന്‌ ഒഴിവാക്കണം. എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ട്‌ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക്‌ കത്തയച്ചിട്ടുണ്ട്‌. വന്യജീവി സങ്കേതങ്ങളെയും ,ദേശീയോദ്യാനങ്ങളെയും പരിധിയില്‍ നിന്ന്‌ ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →