സൂറിച്ച്: ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോളിന്റെ നറുക്കെടുപ്പ് കഴിഞ്ഞു. വനിതാ ഫുട്ബോളിലെ കരുത്തരായ യു.എസ്.എ., ബ്രസീല്‍, മൊറോക്കോ എന്നിവര്‍ക്കൊപ്പം എ ഗ്രൂപ്പിലാണ് ആതിഥേയരായ ഇന്ത്യ. ഭുവനേശ്വറില്‍ ഒക്ടോബര്‍ 11 നു നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ യു.എസിനെ നേരിടും. ഫിഫ ആസ്ഥാനമായ സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചിലാണ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളാണ് ലോകകപ്പില്‍ കളിക്കുന്നത്. സ്പെയിനാണു നിലവിലെ ചാമ്പ്യന്‍. സ്പെയിനെ കൂടാതെ ഫ്രാന്‍സ്, ജര്‍മനി, ബ്രസീല്‍, ചിലി, കൊളംബിയ, കാനഡ, മെക്‌സിക്കോ, യു.എസ്., മൊറോക്കോ, നൈജീരിയ, ടാന്‍സാനിയ, ന്യൂസിലന്‍ഡ് എന്നിവയാണ് മറ്റ് ടീമുകള്‍. നാല് ഗ്രൂപ്പുകളിലെയും ഒന്നും രണ്ടും സ്ഥാനക്കാര്‍ നോക്കൗട്ടില്‍ കളിക്കും.ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം, മഡ്ഗാവിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയം എന്നിവ ലോകകപ്പിനായി തയാറായി. കലിംഗ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങള്‍. ഒക്ടോബര്‍ 14 നു മൊറോക്കോയും 17 നു ബ്രസീലും ഇന്ത്യയെ നേരിടും. 2018 ലെ യുറുഗ്വേ ആതിഥ്യം വഹിച്ച ലോകകപ്പിലാണ് സ്പെയിന്‍ ജേതാക്കളായത്. ജോര്‍ദാന്‍ വേദിയായ 2016 ല്‍ ഉത്തര കൊറിയ ജേതാക്കളായി. 2014 ലെ കോസ്റ്റാറിക്കന്‍ ലോകകപ്പില്‍ ജപ്പാന്‍ ജേതാക്കളായി. 2012 ലെ അസര്‍ബൈജാന്‍ ലോകകപ്പില്‍ ഫ്രാന്‍സായിരുന്നു കിരീടം നേടിയത്.
2010 ലെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ വേദിയായ ലോകകപ്പില്‍ ദക്ഷിണ കൊറിയ ചാമ്പ്യന്‍മാരായി. ന്യൂസിലന്‍ഡില്‍ നടന്ന 2008 ലെ അണ്ടര്‍ 17 ലോകകപ്പില്‍ ഉത്തര കൊറിയ കിരീടത്തില്‍ മുത്തമിട്ടു. 2020 ല്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ്-19 വൈറസ് മഹാമാരിയെ തുടര്‍ന്നാണ് നീട്ടിവച്ചത്. 2017 ലെ അണ്ടര്‍ 17 ലോകകപ്പും ഇന്ത്യയിലാണ് നടന്നത്. ഭുവനേശ്വറില്‍ ഗ്രൂപ്പ് മത്സരങ്ങളും ഗോവയില്‍ സെമി ഫൈനല്‍ മത്സരങ്ങളും നടക്കും. നവി മുംബൈയിലാണ് ഫൈനല്‍.

