ബൊഗാട്ട: ചരിത്രം തിരുത്തിക്കുറിച്ച് കൊളംബിയയില്‍ ഇടതുപക്ഷം അധികാരത്തില്‍. സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നേതാവും മുന്‍ ഒളിപ്പോരാളിയുമായ ഗുസ്താവോ പെഡ്രോ (62) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര കൊളംബിയയുടെ 212 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇടതു സ്ഥാനാര്‍ഥി പ്രസിഡന്റാകുന്നത്.ഫ്രാന്‍സിയ മെര്‍ക്കേസ് (40) വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തുന്ന ആദ്യ കറുത്തവര്‍ഗക്കാരിയെന്ന ബഹുമതി ഫ്രാന്‍സിയയും സ്വന്തമാക്കി. റിയല്‍ എസ്റ്റേറ്റ് വമ്പനും രാഷ്ട്രീയ പ്രതിയോഗിയുമായ റൊഡോള്‍ഫോ ഹേര്ണാണ്ടേസിനെയാണ് പെഡ്രോ തറപറ്റിച്ചത്. 19 നു നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പെഡ്രോ 50.48 ശതമാനവും ഹേര്ണാണ്ടേസ് 47.26 ശതമാനം വോട്ടും നേടി. സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങള്‍ വാഗ്ദാനം ചെയ്തതാണ് ഗസ്താവോ പെഡ്രോ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മേയ് 29നു നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ പെഡ്രോ 40.3 ശതമാനത്തിലധികം വോട്ടോടെ മുന്നിലെത്തിയിരുന്നു. ഒന്നാംഘട്ടത്തില്‍ ആര്‍ക്കും 50 ശതമാനത്തിലധികം വോട്ട് നേടാനാകാത്തതിനെത്തുടര്‍ന്നാണ് രണ്ടാംവട്ട വോട്ടെടുപ്പിലേക്ക് രാജ്യം നീങ്ങിയത്.
അസമത്വം, വിലക്കയറ്റം, സംഘര്‍ഷം എന്നിവ കൊളംബിയന്‍ ജനതയുടെ ഉറക്കം കെടുത്തുന്ന വേളയിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. വലത്- മധ്യവര്‍ത്തി നിലപാടുകള്‍ കൈക്കൊണ്ട രാഷ്ട്രീയ നേതൃത്വമായിരുന്നു ദീര്‍ഘകാലമായി ഭരണത്തില്‍. മുന്‍ സായുധ പോരാട്ടങ്ങളുടെ പേരില്‍ പഴി കേട്ട ഇടതുപക്ഷത്തിന് ഒടുവില്‍ പേരുദോഷം മാറി.സായുധ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന എം-19 സംഘടനയുമായുള്ള ബന്ധത്തിന്റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട പെഡ്രോയ്ക്ക് പിന്നീട് പൊതുമാപ്പ് ലഭിച്ചിരുന്നു. തുടര്‍ന്നാണ് രാഷ്ട്രീയത്തില്‍ എത്തിയത്.
ചരിത്രം തിരുത്തിക്കുറിച്ച് കൊളംബിയയില്‍ ഇടതുപക്ഷം അധികാരത്തില്‍
