ആയിരത്തിലധികം ക്യാമറകണ്ണുകളുമായി തൃശൂര്‍ സിറ്റി പോലീസ്‌

തൃശൂര്‍ : തൃശൂര്‍ സിറ്റി പോലീസിന്റെ സിസിടിവി ക്യാമറാ സെറ്റ്‌ ആയിരത്തിലധികം ക്യാമറകള്‍ അടങ്ങിയ വിപുലമായ ശൃംഗലയാകുന്നതോടെ കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ്‌ സുരക്ഷാ സംവിധാനമായി മാറുകയാണ്‌. ഇനി എന്തെങ്കിലും തരത്തിലുളള അനിഷ്ട സംഭവങ്ങളോ കവര്‍ച്ചയോ ഉണ്ടായാല്‍ 24 മണിക്കൂറും കണ്‍തുറന്നിരിക്കുന്ന സിസിടിവി ക്യാമറകള്‍ വഴി ആ കാഴ്‌ചകള്‍ കണ്‍ട്രോള്‍ റൂമിലെത്തും.

മണ്ണുത്തിയും പാവറട്ടിയും ഇതിലേക്ക് കണക്ടു ചെയ്യപ്പെട്ടു. ശക്തന്‍ നഗറിലെ മത്സ്യമാര്‍ക്കറ്റിലും സൗത്ത്‌ ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ച്‌ മണ്ണുത്തി ടൗണിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുളള സിസിടിവി ക്യാമറകളും പാവറട്ടിയിലെ മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍, തൃശൂര്‍ പുത്തന്‍പളളിക്കുസമീപമുളള ഗോള്‍ഡന്‍ സ്‌ട്രീറ്റിലെ ജ്വല്ലറി മാനുഫാക്‌ച്ചേഴ്‌സ്‌ അസോസിയേഷന്‍ എന്നിവയുടെ ക്യാമറകളും പോലീസ്‌ കണ്‍ട്രോള്‍ റൂമിലെ മോണിറ്ററിംഗ്‌ സെല്ലിലേക്ക്‌ കണക്ട്‌ ചെയ്‌ത്‌ നിരീക്ഷിക്കാനുളള സൗകര്യമാണ്‌ ഒരുക്കിയിരിക്കുന്നത്‌.

കോര്‍പ്പറേഷന്റെയും മറ്റുസംഘടനകളുടെയും ആഭിമുഖ്യത്തില്‍ സ്ഥാപിച്ചിട്ടുളള സിസിടിവി ക്യാമറകള്‍ സിറ്റി പോലീസ്‌ നിരീക്ഷണ ശൃംഗലയിലേക്ക്‌ ബന്ധിപ്പിക്കപ്പെട്ടതോടെ നഗരം കൂടുതല്‍ സുരക്ഷാവലയത്തിലായി. വ്യാപാരി അസോസിയേഷനുകള്‍, ഷോപ്പിംഗ്‌ മാളുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവരുടെ ക്യാമറാ സംവിധാനവും പോലീസിന്റെ നെറ്റ്‌ വര്‍ക്കിനോട്‌ കൂട്ടിച്ചേര്‍ത്താണ്‌ ഇത്‌ വിപുലമാക്കിയിരിക്കുന്നത്‌. 2020ല്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ സ്‌മാര്‍ട്ട്‌ സെയ്‌ഫ്‌ തൃശൂര്‍ പദ്ധതി പ്രകാരം പോലീസിനുവേണ്ടി തൃശൂര്‍ കോര്‍പ്പറേഷന്‍ അവരുടെ ഫണ്ടുപയോഗിച്ച്‌ ഏതാനും സിസിടിവി ക്യാമറകള്‍ നഗരത്തില്‍ സ്ഥാപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →