പ്രതിഷേധക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇ.പി.ജയരാജനെതിരെ ഉടൻ നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂ‍ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ ഇടപെടലുമായി കേന്ദ്രസർക്കാർ. പ്രതിഷേധക്കാരെ കയ്യേറ്റം ചെയ്ത എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് ചോദിച്ച കോൺഗ്രസ് എംപി ഹൈബി ഈഡന്റെ ട്വീറ്റിനാണ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മറുപടി നൽകിയത്. വിഷയം പരിശോധിച്ചു വരികയാണെന്നും ഉടൻ നടപടിയെടുക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

രണ്ടു പേരെ വിമാനത്തിൽ വച്ച് മർദിച്ചിട്ടും വിമാനക്കമ്പനിയായ ഇൻഡിഗോയും ഡിജിസിഎയും കേന്ദ്ര വ്യോമയാന മന്ത്രാലയവും നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇന്ത്യയിൽ എല്ലാവർക്കും നീതി ഒരുപോലെ അല്ലേയെന്നും ഹൈബി ഈഡൻ ട്വീറ്റിൽ ചോദിച്ചു. ഇ.പി.ജയരാജനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈ ട്വീറ്റിലാണ് മറുപടിയുമായി മന്ത്രി എത്തിയത്.

അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പരാതിക്കാരനുമായ അനിൽകുമാറിനെയും കൂട്ടി പോലീസ് പരിശോധന നടത്തി. തെളിവെടുപ്പ് സംബന്ധിച്ച് പൊലീസ് മഹസർ തയാറാക്കി. മുഖ്യമന്ത്രി കണ്ണൂരിൽനിന്നു തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരാണ് ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്. ഇവരെ ഇ.പി.ജയരാജൻ സീറ്റുകൾക്കിടയിലേക്കു തള്ളിയിട്ടെന്നാണ് പരാതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →