കക്കാട് 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്റ്റേഷന് നിര്‍മാണ ഉദ്ഘാടനം 21ന് രാവിലെ 11 ന് സീതത്തോട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി. ടി. ഈശോ, ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജ, ബ്ലോക്ക് പഞ്ചായത്ത് അംഗം നബീസത്ത് ബീവി, സീതത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, കെ.എസ്.ഇ.ബി ചെയര്മാന് ഡോ.ബി.അശോക്, കെ.എസ്.ഇ.ബി ഡയറക്ടര്‍ ഡോ.എസ്.ആര്. ആനന്ദ്, സ്വതന്ത്ര ഡയാക്ടര്‍ അഡ്വ. വി. മുരുകദാസ്, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പത്തനംതിട്ട ജില്ലയിലെ വൈദ്യുതി പ്രസരണ മേഖലയിലുള്ള ന്യൂനതകളും പരിമിതികളും ശാശ്വതമായി പരിഹരിക്കുന്നതിനായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ കെ എസ് ഇ ബി ലിമിറ്റഡ് ആവിഷ്കരിച്ചു വരികയാണ്.
കേരള സംസ്ഥാനത്തിന്റെ പ്രസരണമേഖലയുടെ ശാക്തീകരണത്തിനും സമഗ്രവികസനത്തിനുമുള്ള ട്രാന്സിഡ്-2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പദ്ധതിയാണ് ശബരിലൈന്‍ ആന്‍ഡ് സബ്സ്റ്റേഷന് പാക്കേജ്. ട്രാന്‍സ്ഗ്രിഡിന്റെ രണ്ടാം ഘട്ട പദ്ധതികളില്‍ 244 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ഏറ്റവും പ്രധാനമായ പദ്ധതിയാണ് ശബരി ലൈന്‍സ് ആന്‍ഡ് സബ്സ്റ്റേഷന് പാക്കേജ്. ഈ പാക്കേജില്‍ ശബരിഗിരി, ഇടമണ്‍, കൂടല്‍, പത്തനംതിട്ട, അടൂര്‍ – ഇടപ്പോണ്‍ എന്നീ സബ്സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ട് പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ കൂടി കടന്നുപോകുന്ന 55.10 കിലോമീറ്റര്‍ 220 കെ. വി. ഡബിള്‍ സര്‍ക്യൂട്ട്, 220/110 കെ. വി. മള്‍ട്ടി വോള്‍ട്ടേജ് മള്‍ട്ടി സര്‍ക്യൂട്ട് ലൈനുകളും, ശബരിഗിരി, അമ്പലമുകള്‍ എന്നീ 220 കെ വി സബ്സ്റ്റേഷനുകളെ പുതിയതായി നിര്‍മ്മിക്കുന്ന 220 കെ. വി. സബ്സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിനായി വാലുപാറ മുതല്‍ കക്കാട് വരെ 1.9 കിലോമീറ്റര്‍ 220 കെവി ഡബിള്‍ സര്‍ക്യൂട്ട് ലൈനുകളുടെയും നിര്‍മാണം, ടേണ്‍ കീ അടിസ്ഥാനത്തില്‍ ത്വരിതഗതിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ പാക്കേജില്‍ ഉള്‍പ്പെടുന്നതും 43.21 കോടി രൂപയുടെ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നതുമായ പദ്ധതിയാണ് കക്കാട് 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ്സ്റ്റേഷന്.
പതിനെട്ട് മാസമാണ് നിര്‍മാണം പൂര്‍ത്തീകരിച്ച് കമ്മീഷന് ചെയ്യുന്നതിന്റെ കാലാവധി. കൊല്‍ക്കത്ത ആസ്ഥാനമായ ടെക്നോ ഇലക്ട്രിക്കല്‍ & എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിനാണ് നിര്‍മാണ ചുമതല. പരിപാലന ചെലവ് ഗണ്യമായി കുറഞ്ഞതും തടസസാധ്യതകള്‍ തുലോം കുറവായതുമായ അത്യാധുനിക ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച്ഗിയര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന സബ്സ്റ്റേഷന് ആയതിനാല്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലത്തിന്റെ ആവശ്യകത ഗണ്യമായി പരിമിതപ്പെടുത്തുവാന്‍ സാധിച്ചിട്ടുണ്ട്. നിലവിലെ പരമ്പരാഗത എയര്‍ ഇന്‍സുലേറ്റഡ് സബ്സ്റ്റേഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അതിനാവശ്യമായ സ്ഥലത്തിന്റെ 40 ശതമാനം സ്ഥലം മാത്രമേ സബ്സ്റ്റേഷനുകള്‍ക്ക് ആവശ്യമായി വരുന്നുള്ളൂ.
കക്കാട് പുതിയതായി നിര്‍മിക്കുന്ന ഈ സബ്സ്റ്റേഷനില്‍ 100 എം.വി.എ. ശേഷിയുള്ള ഒരു ട്രാന്‍സ്ഫോര്‍മര്‍ ആണ് സ്ഥാപിക്കുക.
സബ്സ്റ്റേഷനിലേക്ക് 220 കെ വി ശബരിഗിരി – അമ്പലമുകള്‍ ലൈനില്‍ വാലുപാറ നിന്നും കക്കാട് വരെ 1.9 കിലോമീറ്റര്‍ 220 കെവിഡിസി – ലൈനും, പുതിയ കക്കാട് സബ്സ്റ്റേഷനും കക്കാട് പവര്‍ ഹൗസ് സബ്സ്റ്റേഷനും ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്റര്‍ 110 കെവി ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കലും നിര്‍മാണ ഘട്ടത്തിലാണ്. ശബരിലൈന്‍ ആന്‍ഡ് സബ്സ്റ്റേഷന് പാക്കേജ് കമ്മീഷന് ചെയ്യുന്നതോടുകൂടി വാര്‍ഷിക പ്രസരണനഷ്ടം ഏകദേശം 194 ലക്ഷം യൂണിറ്റ് കണ്ടുകുറയുകയും നാലു മെഗാവാട്ട് ശേഷിയുള്ള ഒരു വൈദ്യുതോല്‍പ്പാദനനിലയം സ്ഥാപിക്കുന്നതിന് തുല്യമായ നേട്ടം ഉണ്ടാകുന്നതുമാണ്.

