മുംബൈ: തുടര്‍ച്ചയായ ആറാം ദിവസവും വിപണിയില്‍ ഇടിവ്. സെന്‍സെക്സ് 135.37 പോയിന്റ് താഴ്ന്ന് 51360.42 പോയിന്റിലും നിഫ്റ്റി 67.10 പോയിന്റ് താഴ്ന്ന് 15293.50 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രണ്ട് സൂചികകളും ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. കൂടാതെ രണ്ട് വര്‍ത്തിനിടയിലെ ഏറ്റവും നഷ്ടം നേരിട്ട വ്യാപാര ആഴ്ച കൂടിയാണ് കടന്നു പോയത്. പണപ്പെരുപ്പത്തെ തുടര്‍ന്ന ആഗോള തലത്തില്‍ വിവിധ സെന്‍ട്രല്‍ ബാങ്കുകള്‍ നയങ്ങള്‍ കര്‍ശനമാക്കിയതാണ് വിപണിയില്‍ പ്രകടമായത്.
പതിനഞ്ചുവര്‍ഷത്തിനിടെ ഇതാദ്യമായി സ്വിസ് നാഷണല്‍ ബാങ്ക് നിരക്ക് വര്‍ധിപ്പിച്ചു.
യുഎസ് ഫെഡറല്‍ റിസര്‍വാകട്ടെ മുക്കാല്‍ ശതമാനവും കൂട്ടി. പലിശ നിരക്ക് വര്‍ധന തുടര്‍ന്നേക്കുമെന്ന സൂചനകളെ തുടര്‍ന്ന് വിദേശ നിക്ഷേപകരുടെ വിപണിയില്‍ നിന്നുള്ള പിന്മാറ്റത്തിന് ആക്കം കൂടിയതും വിപണിക്ക് തിരിച്ചടിയായി.1082 ഓഹരികളാണ് ഇന്നലെ നേട്ടമുണ്ടാക്കിയത്. 2162 ഓഹരികളുടെ വില താഴ്ന്നപ്പോള്‍ 95 എണ്ണത്തിന്റെ വിലയില്‍ മാറ്റമുണ്ടായില്ല. ടൈറ്റാന്‍ കമ്പനി, വിപ്രോ, എച്ച്.ഡി.എഫ്.സി. ലൈഫ്, ശ്രീ സിമന്റ്സ്, ബി.പി.സി.എല്‍. തുടങ്ങിയവയാണ് നഷ്ടം നേരിട്ട പ്രധാന ഓഹരികള്‍. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, കോള്‍ ഇന്ത്യ, ജെ.എസ്.ഡബ്ല്യു. സ്റ്റീല്‍, ഐ.സി.ഐ.സി.ഐ. ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.ഐറ്റി, ഹെല്‍ത്ത്കെയര്‍, പവര്‍, കാപിറ്റല്‍ ഗുഡ്സ്, എഫ്.എം.സി.ജി, ഓയ്ല്‍ ആന്‍ഡ് ഗ്യാസ് സെക്ടറല്‍ സൂചികകള്‍ 1-2 ശതമാനമാണ് ഇടിഞ്ഞത്. ബി.എസ്.ഇ. മിഡ്കാപ്, സ്മോള്‍കാപ് സൂചികകളും നഷ്ടം രേഖപ്പെടുത്തി.
ഒന്‍പത് കേരള കമ്പനി ഓഹരികളാണ് ഇന്നലെ നേട്ടമുണ്ടാക്കിയത്. പാറ്റ്സ്പിന്‍ ഇന്ത്യ, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, ധനലക്ഷ്മി ബാങ്ക്, സ്കൂബീഡേ ഗാര്‍മന്റ്സ്, ഇന്‍ഡിട്രേഡ്, ഹാരിസണ്‍സ് മലയാളം തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം എഫ്.എ.സി.ടി., മുത്തൂറ്റ് ഫിനാന്‍സ്, കിങ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, കല്യാണ്‍ ജൂവലേഴ്സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കൊച്ചിന് ഷിപ്പ് യാര്‍ഡ്, ആസ്റ്റര്‍ ഡി എം, റബ്ഫില ഇന്റര്‍നാഷണല്‍ തുടങ്ങിയ 20 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില മാറ്റമില്ലാതെ തുടരുന്നു.

